തോറ്റ് തുടങ്ങി മുംബൈ; വിജയതുടക്കവുമായി ചെന്നൈ

അബുദാബി:കഴിഞ്ഞ വർഷത്തെ ഐപിഎൽ പോരാട്ടത്തിൽ മുംബൈയോടേറ്റ തോൽവിക്ക് ആദ്യ മത്സരത്തിൽ തന്നെ​ പകരം വീട്ടി ചെന്നൈ പുതുസീസൺ തുടങ്ങി. ഐപിഎല്ലിലെ ക്ലാസിക്​ പോരിൽ മുംബൈ ഇന്ത്യൻസ്​ ഉയർത്തിയ 163 റൺസി​ന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ അവസാന ഓവറിൽ 4 പന്ത് ശേഷിക്കെ 5വിക്കറ്റ് വിജയം സ്വന്തമാക്കി.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇടംനൽകാതെ അവഗണിച്ച സിലക്ടർമാർക്ക് മറുപടി നൽകി തകർപ്പൻ അർധസെഞ്ചുറിയുമായി പടനയിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ വിജയശിൽപി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട മുംബൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. സൗരഭ് തിവാരി 31 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്ത് ടോപ് സ്കോററായി. ക്വിന്റൻ ഡികോക്ക് 20 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസെടുത്തു. ഇരുവരും പുറത്തായ ശേഷമെത്തിയവർക്ക് ഉദ്ദേശിച്ച രീതിയിൽ റൺനിരക്ക് ഉയർത്താനാകാതെ പോയതോടെ മുംബൈ 162 റൺസിൽ ഒതുങ്ങി. സൂര്യകുമാർ യാദവ് (16 പന്തിൽ 17), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 14), കീറൻ പൊള്ളാർഡ് (14 പന്തിൽ 18), ജയിംസ് പാറ്റിൻസൻ (എട്ടു പന്തിൽ 11), ക്രുനാൽ പാണ്ഡ്യ (മൂന്നു പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. രാഹുൽ ചാഹർ (2), ജസ്പ്രീത് ബുമ്ര (അഞ്ച്) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈയ്‌ക്കായി ലുങ്കി എൻഗിഡി മൂന്നും രവീന്ദ്ര ജഡേജ, ദീപക് ചാഹർ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.

ചെന്നൈയുടെ തുടക്കം പാളിച്ചയോടെ ആയിരുന്നു. അഞ്ച് റൺസ്‌ സ്വന്തമാക്കിയപ്പോൾ ഷെയ്ൻ വാട്സനും (അഞ്ച് പന്തിൽ നാല്), ആറു റൺസുള്ളപ്പോൾ മുരളി വിജയും (ഏഴു പന്തിൽ ഒന്ന്) മടങ്ങി. മൂന്നാം വിക്കറ്റിൽ 14 ഓവർ ക്രീസിൽനിന്ന അമ്പാട്ടി റായുഡു – ഫാഫ് ഡുപ്ലേസി സഖ്യം പടുത്തുയർത്തിയത് 115 റൺസ്.84 പന്തിൽ 115 റൺസ്. അർധസെഞ്ചുറിയുമായി റായുഡു വീണെങ്കിലും ഡുപ്ലേസി തകർപ്പൻ അർധസെഞ്ചുറിയുമായി ചെന്നൈയെ വിജയത്തിലെത്തിച്ചു. റായുഡു 48 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 71 റൺസെടുത്തു. റായുഡുവിന് പിന്നാലെ രവീന്ദ്ര ജഡേജ അഞ്ച് പന്തിൽ 10 റൺസുമായി മടങ്ങിയെങ്കിലും സ്ഥാനക്കയറ്റം കിട്ടിയെത്തിയ സാം കറൻ ആറു പന്തിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം 18 റണ്‍സെടുത്ത് ചെന്നൈയെ വിജയത്തോട് അടുപ്പിച്ചു.

44 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്ന ഡുപ്ലേസി ഫോറിലൂടെ ചെന്നൈയുടെ വിജയറണ്ണും അടിച്ചെടുത്തു. ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് കളത്തിലിറങ്ങിയ ‘തല’ മഹേന്ദ്രസിങ് ധോണി രണ്ടു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെ വിജയത്തിലേക്ക് ഡുപ്ലേസിക്കു കൂട്ടുനിന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ധോണിക്കെതിരെ അംപയർ കീപ്പർ ക്യാച്ച് വിളിച്ചെങ്കിലും ഡിആർഎസിൽ ധോണിക്ക് അനുകൂലമായി വിധി എത്തി.

Exit mobile version