‘ഇത് പാടത്തെ കളിയല്ല മനുഷ്യാ, ഐപിഎല്ലാ..’ പന്ത് തടഞ്ഞ് ഔട്ടില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കി പണിപാളിയ അമിത് മിശ്രയ്ക്ക് ട്രോള്‍ മഴ

ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് തടസപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍ താരം അമിത് മിശ്രയുടെ നാണംകെട്ട പുറത്താകല്‍.

ഹൈദരാബാദ്: ഐപിഎല്‍ പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് തടസപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍ താരം അമിത് മിശ്രയുടെ നാണംകെട്ട പുറത്താകല്‍. ഐപിഎല്ലിന്റെ തന്നെ ചരിത്രത്തില്‍ മത്സരത്തിന്റെ ശോഭ കെടുത്തി ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഒരു താരം പുറത്താകുന്നത്. മത്സരം തടസപ്പെടുത്തുന്ന രീതിയില്‍ കളിച്ചതാണ് അമിത് മിശ്രയ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. സംഭവം ഏതായാലും സോഷ്യല്‍മീഡിയ ഏറ്റെടുത്ത് ട്രോള്‍ മഴ പൊഴിക്കുന്നുണ്ട്. നാണക്കേടിന്റെ റെക്കോര്‍ഡുമായി ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര. ഹൈദരാബാദിന്റെ ഖലീല്‍ അഹമ്മദ് എറിഞ്ഞ അവസാന ഓവറിലായിരുന്നു സംഭവം. സ്റ്റംപ് ലക്ഷ്യം വെച്ച് എറിഞ്ഞ പന്ത് തട്ടിയിട്ട് മിശ്ര മുന്നോട്ടോടുകയായിരുന്നു.

മിശ്രയുടെ ബാറ്റില്‍ നിന്നും തിരിഞ്ഞു വന്ന പന്ത് പിടിച്ചെടുത്ത് റണ്‍ ഔട്ടാക്കാനുള്ള വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ശ്രമം പാളിയതോടെ, പന്ത് നേരെ ഖലീല്‍ അഹമ്മദിന്റെ കയ്യിലേക്ക് എത്തിക്കുകയായിരുന്നു. പിച്ചിന് നടുവിലായി ഉണ്ടായിരുന്ന ഖലീല്‍ വീണ്ടും പന്ത് വിക്കറ്റിന് നേരെ എറിഞ്ഞു. എന്നാല്‍ അതുവരെ നേരെ ഓടുകയായിരുന്ന മിശ്ര പെട്ടെന്ന് ട്രാക്ക് മാറ്റി എതിര്‍ വശത്തേക്ക് കുതിച്ചു. വിക്കറ്റ് മറച്ച് കൊണ്ട് ഓടിയ മിശ്രയുടെ ശരീരത്തില്‍ പന്ത് കൊണ്ട് തെറിക്കുകയും ചെയ്തു.

ആദ്യം പന്ത് ബാറ്റില്‍ കൊണ്ടുവെന്ന സംശയത്തിന് അംപയര്‍ വിക്കറ്റ് നല്‍കിയിരുന്നില്ലെങ്കിലും അതേപന്തില്‍ പിന്നീട് ഫീല്‍ഡ് തടസപ്പെടുത്തിയതിന് താരത്തെ പുറത്താക്കുകയായിരുന്നു. യൂസഫ് പഠാന് ശേഷം ഐപിഎല്ലില്‍ ഇത്തരത്തില്‍ പുറത്താവുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് അമിത് മിശ്ര. ട്രാക്ക് മാറി ഓടിയ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

വിവാദങ്ങള്‍ക്കിടയിലും, രണ്ട് വിക്കറ്റും ഒരു പന്തും ശേഷിക്കെ ഹൈദരാബാദിന്റെ 163 എന്ന വിജയലക്ഷ്യം ഡല്‍ഹി മറികടക്കുകയായിരുന്നു.

Exit mobile version