വാട്‌സണ്‍ ചിറകിലേറി ചെന്നൈ ഒന്നാമത്…

ചെന്നൈ: പരാജയ പരമ്പരയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് സൂപ്പറായി ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്ത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ പതിനൊന്ന് കളികളില്‍ നിന്ന് പതിനാറ് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അവസാന പന്തിലായിരുന്നു ചെന്നൈയുടെ ജയം. ഹൈദരാബാദിലെ ആറു വിക്കറ്റിന്റെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ചെന്നൈയ്ക്ക് ഈ ജയം.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡെയുടെയും ഡേവിഡ് വാര്‍ണറുടെയും ബാറ്റിങ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യം മറികടന്നു.

വിജയത്തിനായി 176 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ജയത്തിലേക്ക് നയിച്ചത് ഷെയിന്‍ വാട്‌സണാണ്. തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കുവാന്‍ താരത്തിനു സാധിച്ചില്ലെങ്കിലും വാട്‌സണ്‍ പുറത്താകുമ്പോള്‍ ചെന്നൈയുടെ ലക്ഷ്യം 16 റണ്‍സ് അകലെ മാത്രമായിരുന്നു. മികച്ചൊരു ക്യാച്ചിലൂടെ വാട്‌സണെ ജോണി ബൈര്‍‌സ്റ്റോ പിടിച്ച് പുറത്താക്കിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ് ലഭിച്ചത്.

53 പന്തില്‍ നിന്ന് 96 റണ്‍സ് നേടിയ വാട്‌സണൊപ്പം 38 റണ്‍സ് നേടിയ സുരേഷ് റെയ്‌ന നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 9 ബൗണ്ടറിയും ആറ് സിക്‌സുമാണ് വാട്‌സണ്‍ തന്റെ ഇന്നിംഗ്‌സില്‍ നേടിയത്. വാട്‌സണ്‍ പുറത്തായെങ്കിലും അമ്പാട്ടി റായിഡുവും(21) കേധാര്‍ ജാഥവും(11*) ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

അവസാന ഓവറില്‍ 9 റണ്‍സ് വേണ്ട സ്ഥിതിയില്‍ കേധാര്‍ ജാഥവ് നേടിയ സിക്‌സ് ഏറെ നിര്‍ണ്ണായകമാകുകയായിരുന്നു. അതിനു ശേഷം അമ്പാട്ടി റായിഡു പുറത്തായെങ്കിലും ജയം പിടിച്ചെടുക്കുവാന്‍ ഒരു പന്ത് അവശേഷിക്കെ ചെന്നൈയ്ക്കായി.

Exit mobile version