ധോണി പൊരുതിയിട്ടും വീണ്ടും തോറ്റ് ചെന്നൈ; ഹൈദരാബാദിന് സൂപ്പർ വിജയം

ദുബായ്: ചെന്നൈ സൂപ്പർ കിങ്‌സ് വീണ്ടും തോൽവി വഴങ്ങിയപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന് 7 റൺസിന്റെ ആവേശ വിജയം. ഹൈദരാബാദ് ഉയർത്തിയ 165 റൺസ് പിന്തുടരാനാകാതെ നിശ്ചിത ഓവറിൽ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസിന് വീണു പോവുകയായിരുന്നു. ബാറ്റിങിനിറങ്ങി തുടക്കത്തിൽ പോരാട്ടം കാഴ്ചവെയ്ക്കാതെ അവസാന ഓവറുകളിൽ ഉണർന്നു കളിച്ച ചെന്നൈയ്ക്ക് തോൽക്കാനായിരുന്നു വിധി. പതിവിന് വിപരീതമായി ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഹൈദരാബാദിന്റെ തീരുമാനം. നായകൻ വാർണറുടെ തീരുമാനത്തെ ശരിവെയ്ക്കുന്നതായി മത്സരത്തിന്റെ അന്തിമ ഫലം. ധോണി ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും (47*) ടീമിനെ വിജയത്തിൽ എത്തിക്കാനായില്ല. ഒരേ ഒരു ജയത്തിന് ശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ ചെന്നൈ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

മോശം തുടക്കമായിരുന്നു ചെന്നെയുടേത്. ആദ്യ ആറ് ഓവറിനുള്ളിൽ മുൻനിര ബാറ്റ്‌സ്മാൻമാരെ ചെന്നൈയ്ക്ക് നഷ്ടമായിരുന്നു. ഷെയ്ൻ വാട്‌സൺ (1), അമ്പാട്ടി റായുഡു (8), കഴിഞ്ഞ കളികളിലെ കേമൻ ഫാഫ് ഡുപ്ലെസിസ് (22) എന്നിവരുടെ വിക്കറ്റുകൾ ചെന്നൈക്ക് നഷ്ടമായി. പിന്നാലെ കേദാർ ജാദവും (3) പുറത്തായി. ആശ്വാസമായത് അർധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടേയും നായകൻ ധോണിയുടേയും പ്രകടനമാണ്. 35 പന്തിൽ 50 റൺസെടുത്താണ് തങ്കരസു നടരാജന്റെ പന്തിൽ അബ്ദുൾ സമദിന് പിടികൊടുത്ത് ജഡേജ മടങ്ങിയത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരുന്നു. അവസാന ഓവറുകളിലേക്ക് കടക്കുന്നതിനിടെ രൂപം കൊണ്ട യുവതാരങ്ങളായ പ്രിയം ഗാർഗ്-അഭിഷേക് ശർമ്മ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 12ാം ഓവറിൽ ഒന്നിച്ച ഈ സഖ്യം 77 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 22 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ പ്രിയം ഗാർഗ് 26 പന്തുകൾ നേരിട്ട് ഒരു സിക്‌സറും ആറു ഫോറുമടക്കം 51 റൺസോടെ പുറത്താകാതെ നിന്നു. താരത്തിന്റെ ആദ്യ ഐപിഎൽ അർധ സെഞ്ചുറിയാണിത്. 24 പന്തുകൾ നേരിട്ട അഭിഷേക് ശർമ്മ ഒരു സിക്‌സറും നാലു ഫോറുമടക്കം 31 റൺസെടുത്തു.

തുടക്കത്തിലെ തിരിച്ചടി മറി കടക്കാനായതാണ് ഹൈദരാബാദിന് തുണയായതും ചെന്നൈയ്ക്ക് തിരിച്ചടിയായതും. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ഹൈദരാബാദിന് ഓപ്പണർ ജോണി ബെയർസ്‌റ്റോയെ നഷ്ടമാക്കി. ദീപക് ചാഹറിനായിരുന്നു വിക്കറ്റ്. പിന്നീട് ഒന്നിച്ച ക്യാപ്റ്റൻ ഡേവിഡ് വാർണർ-മനീഷ് പാണ്ഡെ കൂട്ടുകെട്ട് എട്ടാം ഓവറിൽ ഷാർദുൽ ഠാക്കൂർ പൊളിച്ചു. 21 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 29 റൺസെടുത്ത പാണ്ഡെയെ മടക്കുകയായിരുന്നു.

പിന്നീട് ശ്രദ്ധിച്ച് കളിച്ച വാർണർ ഫാഫ് ഡുപ്ലെസിയുടെ മികച്ച ബൗണ്ടറി ലൈൻ ക്യാച്ചിൽ പുറത്താകുകയായിരുന്നു. 29 പന്തിൽ നിന്ന് മൂന്നു ബൗണ്ടറികളോടെ 28 റൺസെടുത്താണ് വാർണർ മടങ്ങിയത്. തൊട്ടടുത്ത പന്തിൽ പ്രിയം ഗാർഗുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് കെയ്ൻ വില്യംസൺ റണ്ണൗട്ടാവുകയും ചെയ്തു. 13 പന്തിൽ ഒമ്പത് റൺസ് മാത്രമായിരുന്നു വില്യംസന്റെ സമ്പാദ്യം. തുടർന്നായിരുന്നു പ്രിയം ഗാർഗ് -അഭിഷേക് കൂട്ടുകെട്ട് പിറന്നത്.

Exit mobile version