തുടർത്തോൽവിയില്ല, ചെന്നൈയ്ക്ക് ഹൈദരാബാദിന് എതിരെ സൂപ്പർ വിജയം!

ദുബായ്: ഐപിഎൽ 13ാംസീസണിൽ വീണ്ടും വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെ 20 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൂപ്പർ കിങ്‌സ് മുന്നോട്ടുവെച്ച 168 റൺസെന്ന വിജയലക്ഷ്യം എത്തിപ്പിടിക്കാനാകാതെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പോരാട്ടം 147 റൺസിൽ അവസാനിക്കുകയായിരുന്നു.

മുന്നേറ്റ ബാറ്റ്‌സ്മാൻമാരിൽ കെയിൻ വില്യംസൺ ഒഴികെ (57) ആരും പ്രതിരോധത്തിന് മുതിരാത്തതാണ് ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. സീസണിലെ ചെന്നൈയുടെ മൂന്നാം വിജയമാണിത്.

കൈമറന്ന് റൺസ് വിട്ടുകൊടുക്കാതെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ ബൗളർമാർക്ക് മുന്നിൽ സൺറൈസേഴ്‌സ് മുട്ടുമടക്കുകയായിരുന്നു. ചെന്നൈക്ക് വേണ്ടി കാൻ ശർമ, ഡ്വെയിൻ ബ്രാവോ എന്നിവർ രണ്ടുവീതം വിക്കറ്റുകളെടുത്തു.

ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. 38 പന്തിൽ 42 റൺസെടുത്ത ഷെയിൻ വാട്‌സണും 34 പന്തിൽ 41 റൺസെടുത്ത അമ്പാട്ടി റായിഡുവുമാണ് ടീമിന് പ്രതിരോധിക്കാവുന്ന സ്‌കോർ സമ്മാനിച്ചത്. 13 പന്തിൽ 21 റൺസായിരുന്നു നായകൻ ധോണിയുടെ സമ്പാദ്യം. ഹൈദരാബാദിനായി സന്ദീപ് ശർമ്മയും നടരാജനും ഖലീൽ അഹമ്മദും രണ്ടു വീക്കറ്റുകൾവീതം വീഴ്ത്തി.

Exit mobile version