2010ന് ശേഷം ആദ്യമായി ധോണി ഇറങ്ങിയില്ല; ചെന്നൈയുടെ കുതിപ്പ് അവസാനിപ്പിച്ച് ഹൈദരാബാദ്; മഞ്ഞപ്പടയ്ക്ക് ആറ് വിക്കറ്റ് തോല്‍വി

ഹൈദരാബാദ്: 2010ന് ശേഷം ആദ്യമായി നായകന്‍ എംഎസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി. ഐപിഎല്ലില്‍ തോല്‍വി അധികം വഴങ്ങാത്ത ചെന്നൈയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 6 വിക്കറ്റിനാണ് കീഴടക്കിയത്. പുറംവേദനയെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയ്ക്ക് നായകന്‍ ധോണി തന്നെയാണ് കളിയില്‍ നിന്നും വിശ്രമം തേടിയത് എന്ന് റെയ്‌ന പിന്നീട് വ്യക്തമാക്കി.

അതേസമയം, തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കുശേഷമാണ് ഹൈദരാബാദ് വിജയത്തുടര്‍ച്ചയ്ക്ക് ഇറങ്ങിയ ചെന്നൈയെ പരാജയപ്പെടുത്തിയത്. റെയ്‌നയുടെ നായകത്വത്തില്‍ ചെന്നൈ ഉയര്‍ത്തിയ പൊരുതാവുന്ന വിജയലക്ഷ്യമായ 133 റണ്‍സ് 19 പന്ത് ബാക്കി നിര്‍ത്തി ഹൈദരാബാദ് മറികടന്നു. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 132/5, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 16.5 ഓവറില്‍ 137/4. ജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് വാര്‍ണറും ബെയര്‍‌സ്റ്റോയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 5.4 ഓവറില്‍ 66 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇതില്‍ 50 റണ്‍സും വാര്‍ണറുടെ വകയായിരുന്നു. 25 പന്തില്‍ 50 റണ്‍സടിച്ച വാര്‍ണര്‍ പുറത്തായശേഷം വില്യംസണ്‍(3), വിജയ് ശങ്കര്‍(7), ദീപക് ഹൂഡ(13) എന്നിവരെ ഹൈദരാബാദിന് പെട്ടെന്ന് നഷ്ടമായെങ്കിലും ബെയര്‍‌സ്റ്റോയുടെ പോരാട്ടം ഹൈദരാബാദിന് തുണയായി. 44 പന്തില്‍ 61 റണ്‍സുമായി ബെയര്‍‌സ്റ്റോ പുറത്താകാതെ നിന്നു.

നേരത്തെ 2010നുശേഷം ആദ്യമായി ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡൂപ്ലെസിയും ഷെയ്ന്‍ വാട്‌സണും ചേര്‍ന്ന് പത്തോവറില്‍ 79 റണ്‍സടിച്ചശേഷമാണ് ചെന്നൈ 132ല്‍ ഒതുങ്ങിയത്. അവസാന പത്തോവറില്‍ 52 റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്.

Exit mobile version