വീണ്ടും മങ്കാദിങിന് ശ്രമിച്ച് ഭയപ്പെടുത്തി അശ്വിന്‍; അതേനാണയത്തില്‍ തിരിച്ചടിച്ച് കൂട്ടച്ചിരി ഉയര്‍ത്തി ധവാന്‍; വീഡിയോ

ന്യൂഡല്‍ഹി: ജയത്തിലും തോല്‍വിയിലും പോയിന്റിലും തുല്ല്യ ശക്തികളായ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടിയപ്പോള്‍ തീപ്പൊരി പാറിയെങ്കിലും ഒട്ടേറെ ചിരിയുയര്‍ത്തിയ നിമിഷങ്ങളും മത്സരത്തിനിടയിലുണ്ടായി. പഞ്ചാബിനെ വിവാദക്കാറ്റില്‍ അഴിച്ചുവിട്ട നായകന്‍ ആര്‍ അശ്വിന്റെ മങ്കാദിങ് ആണ് കഴിഞ്ഞമത്സരത്തിലും ചര്‍ച്ചയായത്. അന്ന് അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലറെ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കിയത് വന്‍ വിവാദമായെങ്കില്‍, ഇന്നലെ മങ്കാദിങിന് അശ്വിന്‍ ശ്രമിച്ചത് വലിയ തമാശയ്ക്കുള്ള വകയാവുകയായിരുന്നു.

ഡല്‍ഹിക്കെതിരെ അശ്വിന്‍ ഒരു മങ്കാദിങ് വിക്കറ്റിന് മുതിര്‍ന്നെങ്കിലും ഇരയാവേണ്ടിയിരുന്ന ഡല്‍ഹിയുടെ ശിഖര്‍ ധവാന്‍ രക്ഷപ്പെടുകയും, നോണ്‍ സ്ട്രൈക്കില്‍ തന്നെ ഉറച്ചുനില്‍ക്കുകയുമായിരുന്നു. പിന്നീട് അശ്വിനെ പരിഹസിക്കുന്ന രീതിയില്‍ ധവാന്‍ ക്രീസില്‍ തന്നെ മുട്ടുക്കുത്തി നിന്നു. അശ്വിന്റെ ഈ ശ്രമം പരാജയപ്പെട്ടതും വലിയ കൂട്ടച്ചിരിക്ക് കാരണമായി. നേരത്തെ ഒരു ഓവറില്‍ അശ്വിന്‍ ധവാന് മങ്കാദിങ് വാണിങ് നല്‍കിയിരുന്നു.

എന്നാല്‍ മങ്കാദിങ് ചീറ്റിയതിനു പിന്നാലെ അടുത്ത പന്ത് എറിയാനെത്തിയപ്പോള്‍ ക്രീസില്‍ നിന്ന് ഓടുന്ന രീതിയില്‍ ശരീരം ഒന്നാകെ ഇളക്കി ഡാന്‍സ് സ്‌റ്റെപ്പുകളോടെ അശ്വിനുള്ള മറുപടി കൊടുക്കുകയായിരുന്നു ധവാന്‍. കമന്റേറ്റര്‍മാരും കാണികളും ഈ കാഴ്ച കണ്ട് ഒരുപോലെ കുലുങ്ങിച്ചിരിക്കുകയായിരുന്നു ഇതോടെ.

വീഡിയോ കാണാം:

Exit mobile version