ബാക്കിയുള്ളത് 2 ഓവര്‍, മുംബൈയുടെ ജയം 22 റണ്‍സ് അകലെയും; നേഗിക്ക് പന്ത് കൊടുക്കെന്ന് നെഹ്‌റ; അക്ഷരം പ്രതി അനുസരിച്ച് കോഹ്‌ലി; കിട്ടിയതോ മുട്ടന്‍ പണിയും!

ഡഗ് ഔട്ടില്‍ നിന്ന് നേഗിക്ക് ഓവര്‍ നല്‍കാന്‍ കോഹ്‌ലിക്ക് നെഹ്റ നിര്‍ദേശം നല്‍കുകയായിരുന്നു.

മുംബൈ: വീണ്ടും തോറ്റ് തോല്‍വി ശീലമാക്കിയവരെന്ന ചീത്തപ്പേര് പേറിയ ബാംഗ്ലൂരിനെ ശരിക്കും തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തോല്‍പ്പിച്ചത് ബോളിങ് കോച്ച് ആശിഷ് നെഹ്‌റയുടെ ഉപദേശമെന്ന് ആരാധകര്‍. മുംബൈയ്‌ക്കെതിരെ ജയിക്കാമായിരുന്ന മത്സരം മണ്ടത്തരം കാണിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് തോറ്റ് കൊടുക്കുകയായിരുന്നെന്നാണ് വിമര്‍ശനം.

ആദ്യം ബാറ്റ് ചെയ്ത് 172 റണ്‍സാണ് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ വിജയലക്ഷ്യമായി രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 22 റണ്‍സ് വേണമായിരുന്നു. ബുദ്ധിപൂര്‍വ്വം ബോളേഴ്‌സ്ിനെ വിനിയോഗിച്ച് മത്സരം പിടിച്ചുകെട്ടാമായിരുന്നെങ്കിലും പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് 19-ാം ഓവറില്‍ തന്നെ മുംബൈ വിജയതീരത്തെത്തി. നായകന്‍ കോഹ്‌ലി സ്പിന്നര്‍ പവന്‍ നേഗിയെ പന്തേല്‍പ്പിച്ചതാണ് തിരിച്ചടിയായത്.

രണ്ടും കല്‍പ്പിച്ച് ക്രീസിലുണ്ടായിരുന്ന മുംബൈയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ നേഗിയെ അടിച്ചോടിക്കുകയായിരുന്നു. നേഗി എറിഞ്ഞ നിര്‍ണ്ണായക ഓവറില്‍ രണ്ട് വീതം സിക്സും ഫോറും അടിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ വിജയമുറപ്പിച്ചു. ഓവറിലെ അവസാന പന്തില്‍ സിംഗിളുമെടുത്ത് മുംബൈയെ വിജയതീരത്തേക്ക് കൈപിടിച്ചാണ് പാണ്ഡ്യ തിരിച്ചുകയറിയത്.

ഇതോടെ ഡെത്ത് ഓവര്‍ സ്പിന്നര്‍ക്ക് നല്‍കി പാണ്ഡ്യയുടെ മുന്നിലേക്ക് അയച്ച് ബാംഗ്ലൂര്‍ കാണിച്ചത് മണ്ടത്തരമാണെന്ന് മുറവിളി കൂട്ടി ആരാധകര്‍ സോഷ്യല്‍മീഡിയയിലെത്തി.

എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മാത്രമല്ലെന്ന് വീഡിയോകള്‍ തെളിയിക്കുന്നു. ആശിഷ് നെഹ്റയുടെ തീരുമാനമായിരുന്നു ഇത്. ഡഗ് ഔട്ടില്‍ നിന്ന് നേഗിക്ക് ഓവര്‍ നല്‍കാന്‍ കോഹ്‌ലിക്ക് നെഹ്റ നിര്‍ദേശം നല്‍കുകയായിരുന്നു. കോഹ്‌ലി ഇത് അക്ഷരംപ്രതി അനുസരിക്കുകയും പണി വാങ്ങിക്കുകയും ചെയ്തു.

Exit mobile version