കാത്തിരുന്ന് ബാംഗ്ലൂരുവിന് ആദ്യ ജയം; അര്‍ധസെഞ്ചുറി തിളക്കത്തില്‍ വിജയമുറപ്പാക്കി കോഹ്‌ലിയും ഡിവില്യേഴ്സും

മൊഹാലി: കാത്തിരുന്ന് ഒടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആശ്വാസജയം.
എതിരാളികളുടെ തട്ടകത്തില്‍ പോയി കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 8 വിക്കറ്റിനാണ് വിരാട് കോഹ്ലിയും സംഘവും കീഴടക്കിയത്. 53 പന്തില്‍ 67 റണ്‍സെടുത്ത കോഹ്‌ലിയും എബി ഡിവില്യേഴ്സിന്റെയും (59) പ്രകടനമാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്.

സ്‌കോര്‍ പഞ്ചാബ് 173-4, ബാംഗ്ലൂര്‍ 174-8 വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ 9 പന്തില്‍ 19 റണ്‍സെടുത്ത പാര്‍ഥീവ് പട്ടേലിനെ നഷ്ടപ്പെട്ടെങ്കിലും വിരാടും എബിഡിയും ചേര്‍ന്ന് ബാംഗ്ലൂരെന്ന കപ്പലിനെ മുങ്ങാതെ കാക്കുകയായിരുന്നു. തുടക്കത്തിലെ തന്നെ മികച്ച ഫോമിലായിരുന്ന വിരാട് സ്‌കോര്‍ബോര്‍ഡില്‍ 128 റണ്‍സുള്ളപ്പോഴാണ് മടങ്ങുന്നത്. പിന്നാലെയെത്തിയ മാര്‍ക്കസ് സ്റ്റോയിനെസ് (28) ഡിവില്യേഴ്സിന് ഉജ്വല പിന്തുണ നല്കി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 173 റണ്‍സാണ് നേടിയത്. ഗെയ്ല്‍ 99 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. വെടിക്കെട്ട് തുടക്കമാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാര്‍ നല്‍കിയത്. ഗെയ്ല്‍ ആഞ്ഞടിച്ചപ്പോള്‍ കെ.എല്‍ രാഹുല്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഏഴാം ഓവറില്‍ 18 റണ്‍സെടുത്ത രാഹുലിനെ ചഹല്‍ പുറത്താക്കി.

സ്‌കോര്‍ ബോര്‍ഡില്‍ 66 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. 64 പന്തു നേരിട്ട് 10 ഫോറുകളും 4 സിക്സുകളും സഹിതമാണ് ഗെയ്ല്‍ 99 റണ്‍സ് നേടിയത്. ഗെയ്ല്‍ തകര്‍ത്തടിച്ചെങ്കിലും പിന്തുണ നല്‍കാന്‍ ആളില്ലാതിരുന്നതാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് പഞ്ചാബിനെ തടഞ്ഞത്.

Exit mobile version