“കോഹിനൂര്‍ തിരിച്ച് തരുന്ന കാര്യം എന്തായി ?” ഐപിഎല്ലിനിടെ ബ്രിട്ടീഷ് കമന്റേറ്ററോട് ഗവാസ്‌കര്‍ !

മുംബൈ : ഐപിഎല്ലിനിടെ ബ്രിട്ടീഷ് കമന്റേറ്റര്‍ അലന്‍ വില്‍കിന്‍സുമായുള്ള സുനില്‍ ഗവാസ്‌കറുടെ നര്‍മ സംഭാഷണം വൈറലാവുന്നു. മത്സരത്തിനിടെ കോഹിനൂര്‍ രത്‌നം എപ്പോള്‍ തരുമെന്ന ഗവാസ്‌കറുടെ നര്‍മം കലര്‍ന്ന ചോദ്യം ഇന്ത്യക്കാര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയുള്ള കമന്ററിയിലായിരുന്നു ഗവാസ്‌കറുടെ കുറിക്ക് കൊള്ളുന്ന ചോദ്യം. മത്സരത്തിന്റെ ഇടവേളയില്‍ മുംബൈ മറൈന്‍ ഡ്രൈവിന്റെ രാത്രി ദൃശ്യം തെളിഞ്ഞതോടെ ക്വീന്‍സ് നെക്ലേസ് എന്നുള്ള മറൈന്‍ ഡ്രൈവിന്റെ വിളിപ്പേരിലേക്ക് സംഭാഷണം എത്തി.

പിന്നാലെയായിരുന്നു ഗവാസ്‌കറുടെ കുസൃതിച്ചോദ്യം. ഞങ്ങള്‍ കോഹിനൂറിന് വേണ്ടി കാത്തിരിക്കുകയാണെന്നും എപ്പോള്‍ തിരിച്ച് തരുമെന്നും ഒരു സംശയവുമില്ലാതെ ഗവാസ്‌കര്‍ വില്‍കിന്‍സിനോട് ചോദിക്കുകയായിരുന്നു. ഗ്യാലറിയിലുടനീളം ചിരി പടര്‍ത്തിയ ചോദ്യത്തിന് ഇത് ഞാന്‍ പ്രതീക്ഷിച്ചതാണ് എന്ന് വില്‍കിന്‍സ് മറുപടി പറയുന്നുമുണ്ട്. ഇതുകൊണ്ടും തീരാതെ താങ്കള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ പിടിപാടുണ്ടെങ്കില്‍ ആ വഴിക്കൊന്ന് നോക്കിക്കൂടെ എന്ന് കൂടി ഗവാസ്‌കര്‍ തമാശ രൂപേണ വില്‍കിന്‍സിനോട് ചോദിച്ചു.

ഏതാനും നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്. എല്ലാ ഇന്ത്യക്കാരുടെയും മനസ്സറിഞ്ഞുള്ള ചോദ്യമായിരുന്നു ഗവാസ്‌കറുടേതെന്നും ഇത്തരമൊരു ചോദ്യം ബ്രിട്ടീഷുകാര്‍ ഒരിക്കലും നേരിട്ട് കേള്‍ക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ച് കാണില്ലെന്നുമൊക്കെയാണ്‌ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിയ്ക്കുന്നത്.

ഇന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന കാലത്ത് ഏകദേശം 170 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് കൈവശപ്പെടുത്തിയതാണ് കോഹിനൂര്‍ രത്‌നം. ഇതിനോടൊപ്പം വിലപിടിപ്പുള്ള മറ്റ് പലതും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് കടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ പ്രധാന ആകര്‍ഷണമായ കോഹിനൂര്‍ ലോകത്തിലെ ഏറ്റവും വലിയ അണ്‍കട്ട് ഡയമണ്ടാണ്.

Exit mobile version