ഐപിഎല്‍ സെഞ്ച്വറി: നിലവില്‍ ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു; ലോകകപ്പില്‍ നാലാം നമ്പറില്‍ ഇറങ്ങണം! അഭിനന്ദിച്ച് ഗൗതം ഗംഭീര്‍

ഹൈദരാബാദ്: ഐപിഎല്‍ പുതിയ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസണെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ക്രിക്കറ്റ് ലോകം. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ അഭിനന്ദിച്ചു. ‘ക്രിക്കറ്റിലെ വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് പൊതുവെ സംസാരിക്കാന്‍ താല്‍പര്യപ്പെടാത്തയാളാണ് ഞാന്‍. പക്ഷെ സഞ്ജുവിന്റെ കഴിവുകളെ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. നിലവില്‍ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. അവന്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി നാലാം നമ്പറില്‍ ഇറങ്ങണമെന്നാണ് എന്റെ ആഗ്രഹം’- മുന്‍ നായകന്‍ കൂടിയായ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

ഐപിഎല്ലില്‍ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്നലെ സംഭവിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്.

എന്നാല്‍ സഞ്ജുവിന്റെ സെഞ്ച്വറിയെ വൃഥാവിലാക്കി രാജസ്ഥാനെതിരെ ഹൈദരാബാദ് 5 വിക്കറ്റിന് വിജയിച്ചു. വിലക്ക് കഴിഞ്ഞെത്തിയ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. ഐപിഎല്ലിലെ ആദ്യ വിജയമാണ് ഇന്നലെ ടീം കുറിച്ചത്.

Exit mobile version