നാളെ ഐപിഎല്ലിന് തിരി തെളിയും; ആദ്യ മത്സരത്തില്‍ ധോണിയും കോഹ്‌ലിയും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് നാളെ തുടക്കമാകും. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കഴിവ് തെളിയിക്കാനുള്ള അവസാനത്തെ അവസരമായാണ് മിക്ക താരങ്ങളും ടൂര്‍ണമെന്റിനെ കാണുന്നത്. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും ടൂര്‍ണമെന്റ് പൂര്‍ണമായും രാജ്യത്തിനകത്ത് തന്നെ നടത്താനാണ് പദ്ധതി.

മാര്‍ച്ച് 23 ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലീഗ് പോരാട്ടം ആരംഭിക്കുന്നത്. മെയ് 12 നാണ് കലാശപോരാട്ടം നിശ്ചയിച്ചിട്ടുള്ളത്. ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മേയ് 7 നാണ് ക്വാളിഫയര്‍ മത്സരങ്ങള്‍ തുടങ്ങുക. ക്വാളിഫയര്‍-1, എലിമിനേറ്റര്‍, ക്വാളിഫയര്‍-2 എന്നീ മത്സരങ്ങള്‍ക്ക് ശേഷം മേയ് 12 ന് പന്ത്രണ്ടാം പതിപ്പിന്റെ അവകാശികളെ അറിയാന്‍ കഴിയും.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ നയിക്കുന്നത് ഇന്ത്യയുടെ മുന്‍നായകന്‍ എംഎസ് ധോണി തന്നെയാണ്. ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നയിക്കുക വിരാട് കോഹ്‌ലിയും. ഐപിഎല്ലിന്റെ തുടക്കം മുതലുള്ള ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇക്കുറി ഡല്‍ഹി ക്യാപിറ്റല്‍സെന്ന പേരില്‍ കളത്തിലിറങ്ങുന്ന എന്നതാണ് ടൂര്‍ണമെന്റിന്റെ പ്രധാന സവിശേഷത.

രാജസ്ഥാന്‍ റോയല്‍സ് അജിങ്ക്യാ രഹാനെയുടെയും മുംബൈയെ രോഹിത് ശര്‍മയും നയിക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ദിനേശ് കാര്‍ത്തിക്കിന്റെ കീഴില്‍ പോരാട്ടത്തിനിറങ്ങും. കിങ്സ് ഇലവന്‍ പഞ്ചാബിനെ ഇത്തവണയും അശ്വിന്‍ തന്നെയാകും നയിക്കുക. എന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് വാര്‍ണര്‍ മടങ്ങിയെത്തിയാല്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല.

ലോകകപ്പിനും ഐപിഎല്‍ ഫൈനലിനുമിടക്ക് 17 ദിവസത്തെ ഇടവേളയുണ്ടെന്നതിനാല്‍ തന്നെ താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുമോയെന്നാണ് ആശങ്ക. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമടക്കമുള്ള രാജ്യങ്ങള്‍ മെയ് ആദ്യ വാരത്തോടെ ലോകകപ്പ് ടീമിലെ താരങ്ങളെ ലീഗില്‍ നിന്ന് പിന്‍വലിക്കും, ഇത് അവസാന ഘട്ടത്തില്‍ തിരിച്ചടിയായേക്കും.

Exit mobile version