അത്ഭുതമായി കോഹ്‌ലി! തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി നേട്ടം; മാറ്റ് കുറച്ച് ഇന്ത്യയ്ക്ക് തോല്‍വി

പൂണെ: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ മറ്റൊരു ചരിത്രം നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും കോഹ്‌ലി നൂറിനെ തൊട്ടു. 110 പന്തിലാണ് കോഹ്‌ലിയുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി നേട്ടം.

എന്നാല്‍ നായകന്റെ ഒറ്റയാള്‍ പോരാട്ടത്തെ വൃഥാവിലാക്കി ഇന്ത്യന്‍ ടീം വിന്‍ഡീസിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ മുട്ടുകുത്തി. ഇന്ത്യ 47.4 ഓവറില്‍ 240 റണ്‍സിലെത്തി നില്‍ക്കെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. 43 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയാവുകയായിരുന്നു.

അതേസമയം, റെക്കോര്‍ഡുകളുടെ തോഴനായ കോഹ്‌ലിയുടെ ഏകദിനത്തിലെ 38ാം സെഞ്ച്വറിയാണ് ഇന്നത്തേത്. ആദ്യ ഏകദിനത്തില്‍ 140, രണ്ടാം ഏകദിനത്തില്‍ 157* എന്നിങ്ങനെയായിരുന്നു വിരാടിന്റെ സ്‌കോര്‍.

ഫസ്റ്റ് ഡൗണായിറങ്ങി 8000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ താരം എന്ന റെക്കോഡും വിരാട് ഈ മത്സരത്തില്‍ സ്വന്തമാക്കി. പോണ്ടിംഗും (12662) സംഗക്കാരയും (9747)മാണ് വിരാടിന്റെ മുന്നിലുള്ളത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തിരുന്നു. ഷായി ഹോപ്പിന്റെ മികവിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ കുറിച്ചത്. ഹോപ്പ് 95 റണ്‍സും ആഷ്‌ലി നഴ്‌സ് 40 റണ്‍സും ഹോള്‍ഡര്‍ 32 റണ്‍സും ഹെത്മീര്‍ 37 റണ്‍സുമെടുത്തു.

പരമ്പരയിലാദ്യമായി മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറ മികച്ചുനിന്നു. നാല് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മറ്റു ബൗളര്‍മാരും വിക്കറ്റ് നേടിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ധവാനും കോഹ്‌ലിയും ഇന്ത്യന്‍ ഇന്നിംഗിസിനെ മുന്നോട്ടുകൊണ്ടുപോയി. ധവാന്‍ 35 റണ്‍സിനും റായിഡു 22 റണ്‍സിനും പന്ത് 24 റണ്‍സിനും പുറത്തായി. പിന്നീട് അധികം പിടിച്ചു നില്‍ക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടേയിരുന്നതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയാവുകയായിരുന്നു.

Exit mobile version