പ്രാര്‍ത്ഥനകള്‍ വിഫലം; ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി സാലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി

നാന്റെസ്: പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനന്‍ താരം എമിലിയാനോ സാലയുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരുടെ നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സാല സഞ്ചരിച്ചിരുന്ന വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്.

സലയെ കൂടാതെ ഒപ്പമുണ്ടായിരുന്ന ബ്രിട്ടീഷ് പൈലറ്റ് ഡേവും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പിഎ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്.

Exit mobile version