തുടര്‍ച്ചയായി മൂന്നാം തവണയും സ്‌കൂള്‍ കായികമേളയില്‍ കിരീടം ചൂടി പാലക്കാട്; സ്‌കൂള്‍ ചാമ്പ്യന്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍

കുന്നംകുളം: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലും കപ്പ് ഉയര്‍ത്തി പാലക്കാട്. കുന്ദംകുളത്ത് നടന്ന കായികമേളയില്‍ 266 പോയന്റോടെയാണ് പാലക്കാട് തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം നേടിയത്. തുടക്കം മുതല്‍ പാലക്കാട് ഏകപക്ഷീയമായി മുന്നേറുകയായിരുന്നു.

28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലുവുമാണ് പാലക്കാടിന്റെ നേട്ടം. 13 സ്വര്‍ണവും 12 വെള്ളിയും 20 വെങ്കലവുമായി 168 പോയന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തും എറണാകുളം നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

സ്‌കൂളുകളില്‍ 57 പോയന്റുമായി മലപ്പുറം കടകശ്ശേരി ഐഡിയല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമാണ് ഐഡിയലിലെ താരങ്ങള്‍ നേടിയത്.

46 പോയന്റുമായി കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ രണ്ടാമത്തെത്തി. മാര്‍ ബേസിലിന്റെ കടുത്ത വെല്ലുവിളി മറികടക്കുകയായിരുന്നു ഐഡിയല്‍. മീറ്റ് റെക്കോര്‍ഡുകള്‍ തിരു്തതുന്ന പ്രകടനവും ഇത്തവണ നിരവധിയാണ് സംഭവിച്ചത്.

ALSO READ- ‘വെടിക്കെട്ട് ബാറ്റിംഗിന്റെ കാലം കഴിഞ്ഞു; ഇനി സംഗീതത്തില്‍, അടുത്ത് തന്നെ ബോളിവുഡിലേക്കും’; സംഗീത ആല്‍ബം ഗ്രാമി അവാര്‍ഡിന് അയച്ച് ക്രിസ് ഗെയ്ല്‍

സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ടിലും കാസര്‍കോടിന്റെ കെസി സര്‍വന്‍, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാടിന്റെ പി അഭിറാം, സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍കോടിന്റെ അനുപ്രിയ, ജൂനിയര്‍ വിഭാഗം ഹര്‍ഡില്‍സില്‍ പാലക്കാടിന്റെ കെ കിരണ്‍, സീനിയര്‍ വിഭാഗം 800 മീറ്ററില്‍ പാലക്കാടിന്റെ ജെ ബിജോയ് എന്നിവര്‍ മീറ്റ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ചു.

Exit mobile version