‘ലോകകപ്പ് മത്സരമാണെന്ന് തോന്നിയില്ല, ബിസിസിഐ ഇവന്റ് പോലെ’; പാകിസ്താന്‍ ഭയന്ന് കളിച്ചു; ഫൈനലില്‍ കാണാമെന്ന് പാകിസ്താന്‍ ടീം ഡയറക്ടര്‍

അഹമ്മദാബാദ്: ക്രിക്കറ്റ് ഏകദിന ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തെ സംബന്ധിച്ച് പ്രതികരിച്ച് പാകിസ്താന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍. നിറഞ്ഞവേദിയില്‍ ഇന്ത്യ-പാക്‌സിതാന്‍ മത്സരം നടന്നതെങ്കിലും ഇതൊരു ലോകകപ്പ് ഇവന്റായി തോന്നിയില്ലെന്നും ഇത് ബിസിസിഐ ഇവന്റായാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കാണികളുടെ പിന്തുണ ഏകപക്ഷീയമായിരുന്നു എന്നാണ് മിക്കിയുടെ വിമര്‍ശനം.

മത്സരം കാണാന്‍ 1.32 ലക്ഷത്തിലേറെ ക്രിക്കറ്റ് ആരാധകരാണ് ഒഴുകിയെത്തിയത്. ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങിയവരും ആയിരക്കണക്കിനു വരും. എന്നാല്‍ മോഡി സ്റ്റേഡിയത്തിലെ കളി ബിസിസിഐ നടത്തുന്ന പരിപാടി പോലെയായിരുന്നു എന്നാണ് മിക്കി ആര്‍തര്‍ പറഞ്ഞത്.

”അതൊരു ഐസിസി ടൂര്‍ണമെന്റായി തോന്നിയില്ല. ബിസിസിഐയുടെ ഇവന്റ് പോലെ തോന്നി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പരമ്പരയില്‍ കളിച്ച പോലെ. സ്റ്റേഡിയത്തില്‍ ‘ദില്‍ ദില്‍ പാകിസ്താന്‍’ ചാന്റുകളൊന്നും ഞാന്‍ കേട്ടിട്ടില്ല.’-എന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

ആരാധകരുടെ പിന്തുണ ലഭിക്കാത്തത് വന്‍ തോല്‍വിക്ക് ന്യായീകരണമായി പറയാനില്ലെന്നും ആര്‍തര്‍ പറഞ്ഞു. എന്നാല്‍, സ്റ്റേഡിയത്തിലെ ആരാധകര്‍ക്കും ഒരു റോളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത പന്തുകളെ എങ്ങനെ നേരിടുന്നു? ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ എങ്ങനെ പോരാടുന്നു എന്നതൊക്കെയാണ് ഇവിടെ പ്രധാനം. പാകിസ്താന്റെ ആകെയുള്ള പ്രകടനത്തില്‍ കുറച്ച് ഭയം ഉള്ളതായാണു തോന്നിയത്.’- എന്നും ആര്‍തര്‍ വ്യക്തമാക്കി.

ALSO READ- നാട്ടുകാര്‍ വിളിച്ചുണര്‍ത്തിയപ്പോഴാണ് വെള്ളം കയറിയത് അറിഞ്ഞത്: വീട്ടിനുള്ളില്‍ മുഴുവന്‍ വെള്ളമാണ്; നടന്‍ ബിജു പപ്പന്‍

ഇന്ത്യന്‍ ടീം വളരെ മികച്ചതാണെന്നും രോഹിത്തും രാഹുലും അവരെ നന്നായി നയിച്ചെന്നും അദ്ദേഹം പ്രശംസിച്ചു. കൂടാതെ ഇന്ത്യയെ ഫൈനലില്‍ വെച്ച് ഒരിക്കല്‍ കൂടി പാകിസ്താനുമായി കണ്ടുമുട്ടാമെന്ന പ്രതീക്ഷയും മിക്ക് പങ്കിട്ടു.

കഴിഞ്ഞദിവസം ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30.3 ഓവറില്‍ ഇന്ത്യ വിജയം നേടി.

Exit mobile version