36 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന! മെസിക്ക് ഒരു കപ്പും കളര്‍ ടിവിയിലെ വിജയവും സഫലം!

ദോഹ: 36 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ലോകകിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. മെസിക്ക് ഒരു കപ്പെന്ന സ്വപ്‌നം പേറി ഖത്തറിലേക്ക് ടിക്കറ്റെടുത്ത അര്‍ജന്റീന ആദ്യ മത്സരത്തിലൊഴികെ ഒരിക്കലും ടൂര്‍ണമെന്റില്‍ ആരാധകരെ നിരാശരാക്കിയില്ല.

ഹൃദയമിടിപ്പ് കൂട്ടിയ ആവേശ പോരാട്ടത്തിന് ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കാല്‍പ്പന്ത് ലോകത്തെ രാജാക്കന്മാരായി അര്‍ജന്റീന കപ്പെടുത്തത്. കാലങ്ങളായി കേള്‍ക്കുന്ന പഴികള്‍ക്കും ട്രോളുകള്‍ക്കും ഇതോടെ അവസാനം കുറിക്കുക കൂടിയാണ് ഈ വിജയത്തിലൂടെ അര്‍ജന്റീന ചെയ്തിരിക്കുന്നത്.

എക്‌സ്ട്രാ ടൈമിലും 3-3 സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ഫ്രാന്‍സില്‍ നിന്നും വിജയം പിടിച്ചെടുത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും നിര്‍ണായക സമയത്ത് വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെയാണ് മൂന്ന് ഗോളും നേടിയത്.

ALSO READ- സ്വപ്‌ന സഫലം! ലോകകിരീടം ചൂടി മെസിയും കൂട്ടരും; വിജയം ഷൂട്ടൗട്ടില്‍

സമനില കുരുക്ക് അഴിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്ത് 2-2നും അധികസമയത്ത് 3-3 നും ഇരുടീമുകളും സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

2014 ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം പിടിച്ചെടുത്ത് മെസി ഖത്തറില്‍ നിന്നുള്ള മടക്ക യാത്ര ഗംഭീരമാക്കിയിരിക്കുകയാണ്. ഷൂട്ടൗട്ടില്‍ അര്‍ജന്റീന നാല് ലക്ഷ്യവും വലയിലെത്തിച്ചപ്പോള്‍ ഫ്രാന്‍സിന് രണ്ടെണ്ണം പിഴച്ചതാണ് തിരിച്ചടിയായത്.

Exit mobile version