‘ലേറ്റായാലും ലേറ്റസ്റ്റായി പ്രഖ്യാപനം’; ശ്രീജേഷിന് 2 കോടി; ഒളിംപിക്‌സിലെ മലയാളി താരങ്ങൾക്ക് അഞ്ചുലക്ഷം വീതം; അമ്പരപ്പിക്കും സമ്മാനവർഷവുമായി പിണറായി സർക്കാർ

തിരുവനന്തപുരം: മലയാളികളായ ഒളിംപിക്‌സ് താരങ്ങൾക്ക് അമ്പരപ്പിക്കുന്ന സമ്മാനവർഷവുമായി സംസ്ഥാന സർക്കാർ. ടോക്യോ ഒളിംപിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗമായ പിആർ ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം സർക്കാർ പ്രഖ്യാപിച്ചു. ഒളിംപിക്‌സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകും.

രണ്ടു കോടി രൂപയ്‌ക്കൊപ്പം ശ്രീജേഷിന് ജോലിയിൽ സ്ഥാനക്കയറ്റവും സർക്കാർ നൽകും. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായാണ് സ്ഥാനക്കയറ്റം നൽകുന്നത്. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണ് പിആർ ശ്രീജേഷ്. ഇക്കാര്യം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കായിക മന്ത്രി വി അബ്ദുറഹ്മാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ശ്രീജേഷ് ഉൾപ്പെടെ ഒമ്പത് മലയാളികളാണ് ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്തത്. ലോങ് ജമ്പിൽ എം ശ്രീശങ്കർ, 400 മീറ്റർ ഹർഡിൽസിൽ എംപി ജാബിർ, 20 കിലോമീറ്റർ നടത്തത്തിൽ കെടി ഇർഫാൻ, 4×400 മീറ്റർ പുരുഷ റിലേയിൽ മുഹമ്മദ് അനസ് യഹിയ, നോഹ നിർമ്മൽ ടോം, അമോജ് ജേക്കബ്, 4×400 മീറ്റർ മിക്‌സഡ് റിലേയിൽ അലക്‌സ് ആന്റണി, നീന്തലിൽ സജൻ പ്രകാശ് എന്നിവരാണ് ടോക്യോയിലേക്ക് വിമാനം കയറി മലയാളികൾ.

നേരത്തെ, മറ്റ് സംസ്ഥാനങ്ങളെല്ലാം ഒളിംപിക്‌സിൽ മെഡൽ നേടിയ താരങ്ങൾക്ക് സമ്മാനം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളസർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സോഷ്യൽമീഡിയ അടക്കം പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ സർപ്രൈസ് പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ശ്രീജേഷിനോടും ഇക്കാര്യം ആരാഞ്ഞിരുന്നെങ്കിലും വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.

Exit mobile version