ടോക്യോയിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ സമ്മാനിച്ച് ലവ്‌ലിന ബോർഗോഹെയ്ൻ; ഒളിംപിക്‌സിലെ രാജ്യത്തിന്റെ അവസാനത്തെ അഞ്ചുമെഡലും സമ്മാനിച്ചത് പെൺകരുത്ത്!

ടോക്യോ: ഇന്ത്യയുടെ മെഡൽപ്പട്ടികയിലേക്ക് സ്വർണം എഴുതി ചേർക്കാനാകാതെ സെമി ഫൈനലിൽ വീണെങ്കിലും ലവ്‌ലിന ബോർഗോഹെയ്‌ന് അഭിമാനിക്കാം, രാജ്യത്തെ കോചിക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാകുന്നതിൽ. ഒളിംപിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോർഗോഹെയ്ൻ ലോകചാംപ്യൻ തുർക്കിയുടെ ബുസേനസ് സർമേനലിയോട് പരാജയപ്പെട്ടാണ് വെങ്കല മെഡലിൽ ഒതുങ്ങിപ്പോയത്. സെമിയിൽ 0-5ന് ആയിരുന്നു പരാജയം. ഒളിംപിക്‌സ് ബോക്‌സിങ്ങിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് ലവ്‌ലിന. ടോക്കിയോയിൽ ഇന്ത്യയുടെ മൂന്നാം മെഡലും.

ഒൻപത് വർഷത്തിന് ശേഷം ഒളിംപിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യയ്ക്ക് മെഡൽ സമ്മാനിക്കുന്ന താരമായും ഈ ആസാംകാരി മാറി. റിങ്ങിലേയ്ക്ക് ചാടിക്കയറി എതിരാളിയെ ഇടിച്ചുവീഴ്ത്തിയാണ് ലോകചാംപ്യൻ സർമേനലി ഫൈനലിലേയ്ക്ക് കുതിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സർമേനലിയെ പരാജയപ്പെടുത്താനുള്ള പഞ്ച് ലവ്‌ലിനയുടെ ഇടിയിൽ ഉണ്ടായിരുന്നില്ല. മത്സരത്തിനിടെ വാണിങ് ലഭിച്ച ലവ്്‌ലിനയ്ക്ക് വിലപ്പെട്ട ഒരു പോയിന്റും നഷ്ടമായി.

വിജേന്ദർ സിങ്ങിന്റെയും (2008) മേരി കോമിന്റെയും (2012) വെങ്കല മെഡലുകളാണ് ഒളിംപിക്‌സ് ബോക്‌സിങ്ങിൽ രാജ്യത്തിന്റെ ഇതിനു മുൻപുള്ള സമ്പാദ്യം. ഇത്തവണത്തെ ഒളിംപിക്‌സിൽ മത്സരിച്ച 9 ഇന്ത്യൻ ബോക്‌സിങ് താരങ്ങളിൽ മെഡൽ നേടിയത് ലവ്‌ലിന മാത്രമാണ്. ടോക്യോയിലെ മൂന്ന് മെഡലുകളും രാജ്യത്തിന്റെ പെൺകരുത്ത് സമ്പാദിച്ചതിന്റെ ചർച്ച നടക്കുന്നതിനിടെ സോഷ്യൽമീഡിയയിൽ മറ്റൊരു കാര്യം കൂടി ഓർമ്മിപ്പിക്കുകയാണ് ഇന്ത്യയുടെ അവസാനത്തെ അഞ്ച് മെഡലുകളും സ്ത്രീകൾ തന്നെയാണ് സമ്മാനിച്ചിരിക്കുന്നതെന്നത്.

Exit mobile version