ഇന്ത്യയ്ക്ക് അഭിമാനമായി പാരലിമ്പിക്‌സിൽ വെള്ളി നേടി ഭവിന പട്ടേൽ; ടേബിൾ ടെന്നീസിൽ ചരിത്രത്തിലെ ആദ്യ മെഡൽ

ടോക്യോ: രാജ്യത്തിന് അഭിമാനമായി പാരാലിമ്പിക്‌സിൽ വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം ഭവിന പട്ടേലിന് വെള്ളി. ഫൈനലിൽ ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക്(3-0) പരാജയപ്പെടുകയായിരുന്നു ഭവിന.

തുടക്കം മുതൽക്ക് തന്നെ ചൈനീസ് താരം ഇന്ത്യൻ താരത്തിന് മേൽ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരത്തിൽ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഭവിനയ്ക്ക് സാധിച്ചില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരുവരും നേർക്കു നേർ മത്സരിച്ചപ്പോഴും ഭവിന പരാജയപ്പെട്ടിരുന്നു.

ക്ലാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്.

34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്‌സ് ടേബിൾ ടെന്നീസിൽ മെഡൽ സ്വന്തമാക്കുന്നത്. ഇത്തവണത്തെ ആദ്യ മെഡൽ കൂടിയാണിത്.

Exit mobile version