മാനസികസമ്മര്‍ദം : സിമോണ്‍ ബൈല്‍സ് ജിംനാസ്റ്റിക്‌സ് വ്യക്തിഗത ഫൈനലിലും പങ്കെടുക്കില്ല

Simone Biles | Bignewslive

ടോക്യോ : മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ടീം ഫൈനലിനിടെ പിന്മാറിയ അമേരിക്കയുടെ സിമോണ്‍ ബൈല്‍സ് വ്യാഴാഴ്ച നടക്കാനിരിക്കുന്ന വ്യക്തിഗത ഫൈനലിലും പങ്കെടുക്കില്ല എന്ന് അറിയിച്ചു.

മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് താരത്തിന്റെ പിന്മാറ്റം എന്ന് യുഎസ്എ ജിംനാസ്റ്റിക്‌സ് ട്വീറ്റ് ചെയ്തു. ബൈല്‍സിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കാനുള്ള അവരുടെ ധൈര്യത്തിന് കയ്യടിക്കുന്നുവെന്നും യുഎസ്എ ജിംനാസ്റ്റിക്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.

റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് ബൈല്‍സ്. തികച്ചും അപ്രതീക്ഷിതമായായിരുന്നു ചൊവ്വാഴ്ച ടീം ഫൈനലിനിടെയുള്ള ബൈല്‍സിന്റെ പിന്മാറ്റം. മറ്റൊരു മത്സരത്തിലും നേരിട്ടിട്ടില്ലാത്തത്ര മാനസികസമ്മര്‍ദ്ദമാണ് നേരിടുന്നതെന്നും വെറുമൊരു മത്സരമായി കണക്കാക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നുമായിരുന്നു ബൈല്‍സ് അറിയിച്ചത്.

മത്സരം ബാക്കി ടീം അംഗങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നുവെന്നും സ്വന്തം കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ സമയമായെന്നും താരം പറഞ്ഞിരുന്നു.ഇതേത്തുടര്‍ന്ന് ബൈല്‍സ് ഇല്ലാതെയാണ് ടീം മത്സരത്തില്‍ പങ്കെടുത്തത്. ഈ മത്സരത്തില്‍ അമേരിക്ക വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

Exit mobile version