‘പറക്കും സഞ്ജു’വിന്റെ ചിത്രം ആനന്ദ് മഹീന്ദ്രയുടെ സ്‌ക്രീൻ സേവർ; നന്ദി അറിയിച്ച് താരം!

മുംബൈ: പ്രചോദിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഇത്തവണ മലയാളിയായ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെയാണ് പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച നടന്ന അവസാന ഇന്ത്യ-ന്യൂസീലൻഡ് ടി-20 മത്സരത്തിനിടെ റോസ് ടെയ്‌ലറുടെ സിക്‌സെന്നുറപ്പിച്ച ഒരു ഷോട്ട് പറന്നുപിടിച്ച് ബൗണ്ടറിക്ക് പുറത്തേക്കിട്ട സഞ്ജുവിന്റെ ഫീൽഡിലെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ പ്രകടനത്തിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് സ്‌ക്രീൻ സേവറാക്കിയാണ് ആനന്ദ് മഹീന്ദ്ര എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്.

ഈ ആഴ്ച തന്റെ സ്‌ക്രീൻ സേവർ ഇതായിരിക്കുമെന്ന് തിങ്കളാഴ്ച മഹീന്ദ്ര ട്വീറ്റ് ചെയ്തു. ആർക്കും ഈ ചിത്രത്തെക്കുറിച്ച് ഒരു വിശദീകരണം നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം കുറിച്ചു. ഇതിനു പിന്നാലെയാണ് ട്വിറ്ററിൽ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സഞ്ജു രംഗത്തെത്തിയത്. ഏഴ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. അതിലെ നാല് റൺസ് അല്ലെങ്കിൽ ആറ് റൺസ് സേവ് ചെയ്തതിലൂടെ സഞ്ജു ഇന്ത്യയ്ക്ക് വിജയം തന്നെയാണ് സമ്മാനിച്ചിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

ഷാർദുൽ താക്കൂറെറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ അസാമാന്യ ഫീൽഡിങ് പ്രകടനം. ഇത് കൂടാതെ ഇതോടൊപ്പം ടോം ബ്രൂസിനെ റൺ ഔട്ടാക്കുന്നതിലും സഞ്ജു പങ്കാളിയായി. എന്നാൽ ബാറ്റിങ്ങിൽ താരം വീണ്ടും രണ്ട് റൺസെടുത്ത് നിരാശപ്പെടുത്തി.

Exit mobile version