ഉത്തേജക പരിശോധനകളിൽ തട്ടിപ്പ്; റഷ്യയെ വിലക്കി ഉത്തേജക വിരുദ്ധ ഏജൻസി; ഖത്തർ ലോകകപ്പും ടോക്കിയോ ഒളിമ്പിക്‌സും നഷ്ടമാകും

മോസ്‌കോ: കായിക ലോകത്തെ വമ്പന്മാരായ റഷ്യ ഉത്തേജക പരിശോധനകളിൽ തുടർച്ചയായി കൃത്രിമം നടത്തിയെന്ന് വ്യക്തമായതോടെ കായിക വിലക്ക് ഏർപ്പെടുത്തി രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി. ഉത്തേജക പരിശോധനകളിൽ ക്രമക്കേട് നടത്തിയതിനു നാല് വർഷത്തേക്കാണ് വിലക്ക്. അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സും 2022ലെ ഖത്തർ ഫുട്‌ബോൾ ലോകകപ്പും റഷ്യയ്ക്ക് നഷ്ടമാകും. അതേസമയം,യുവേഫ നടത്തുന്ന 2020 യൂറോ കപ്പ് ഫുട്‌ബോളിൽ വിലക്ക് ബാധകമാകില്ല .2032 വരെ ഒളിമ്പിക്‌സ്- പാരാലിമ്പിക്‌സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനും റഷ്യക്കാകില്ല.

2014 വിന്റർ ഒളിംപിക്‌സിൽ 13 സ്വർണ്ണം നേടി റഷ്യ ചാമ്പ്യന്മാരായതിന് പിന്നാലെയാണ് ഉത്തേജക പരിശോധനയിൽ കായികലോകത്ത റഷ്യ രാജ്യത്തെ സർക്കാരിനെ കൂട്ടുപിടിച്ച് നടത്തിയ കള്ളക്കളികളുടെ കഥകൾ പുറത്തായത്. ഉത്തേജക പരിശോധനക്കായി ശേഖരിച്ച സാമ്പിളുകളിൽ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെയും റഷ്യൻ ഉത്തേജക വിരുദ്ധ ഏജൻസിയായ റുസാഡയുടെയും സഹായത്തോടെ കൃത്രിമം നടത്തുകയായിരുന്നു. തുടർന്ന് റഷ്യയെ റിയോ ഒളിംപിക്‌സിൽ നിന്നും വിലക്കിയിരുന്നു.

സാമ്പിളുകൾ വാഡക്ക് കൈമാറാം എന്ന നിബന്ധനയോടെ റുസാഡക്ക് ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞ വർഷം പിൻവലിച്ചെങ്കിലും വാഡക്ക് കൈമാറിയ സാമ്പിളുകളിലും കൃത്രിമം നടത്തിയെന്ന് തെളിഞ്ഞതോടെയാണ് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്. കായിക കോടതിയിൽ വിലക്കിനെതിരെ അപ്പീൽ നൽകാൻ റഷ്യക്ക് 21 ദിവസത്തെ സമയമുണ്ട്.

Exit mobile version