വിവാദ പരാമര്‍ശം; വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി.

മുംബൈ: ആരാധകന്റെ നിലപാടിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്‌ലിയോട് ആവശ്യപ്പെട്ടു.

‘ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന’ കോഹ്‌ലിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. തന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഒരു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട ഒരു ആരാധകന്റെ കമന്റിനായിരുന്നു കോഹ്‌ലിയുടെ ഈ മറുപടി. കോഹ്‌ലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ കാണാറെന്നുമാണ് ആരാധകന്‍ പറഞ്ഞത്.

‘നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്ത് നിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്..’ ഇതായിരുന്നു ആരാധകന് കോലിയുടെ മറുപടി. ഇതില്‍ വിശദീകരണവുമായി കോലി രംഗത്തെത്തിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറുകയായിരുന്നു. ഇതോടെയാണ് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ഇക്കാര്യത്തില്‍ ഇടപെട്ടത്.

Exit mobile version