ആരാധക ഹൃദയം കീഴടക്കി സഞ്ജു സാംസണ്‍; മാച്ച് ഫീ തുക 1.5 ലക്ഷം രൂപ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി താരം

തിരുവനന്തപുരം: കാര്യവട്ടത്ത് കഴിഞ്ഞദിവസം നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ വിജയത്തിന് പിന്നാലെ ആരാധകരുടെ കൈയ്യടി തേടി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്ക ‘എ’യ്‌ക്കെതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യ എ 4-1നു വിജയിച്ചിരുന്നു.

രണ്ട് ഏകദിനങ്ങളില്‍ നിന്നും ലഭിച്ച മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഹൃദയം കവര്‍ന്നിരിക്കുകയാണ് സഞ്ജു. മാച്ച് ഫീയായ 1.5 ലക്ഷം രൂപയാണ് സഞ്ജു നല്‍കിയിരിക്കുന്നത്.

മഴയില്‍ മുടങ്ങുമെന്ന ഭയമുണ്ടായിട്ടും വളരെ വേഗത്തില്‍ ഗ്രൗണ്ട് മത്സരത്തിനു തയ്യാറാക്കിയതിനുള്ള ഉപഹാരമായാണ് സഞ്ജുവിന്റെ സ്‌നേഹസമ്മാനം. അവസാന മത്സരത്തില്‍ 91 റണ്‍സടിച്ച് സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 48 പന്തില്‍ നിന്നും സഞ്ജു 91 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യ എയ്ക്കുവേണ്ടി തിളങ്ങിയതോടെ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്.

ആദ്യ മത്സരങ്ങളില്‍ ഇഷാന്‍ കിഷനായിരുന്നു വിക്കറ്റ് കീപ്പറെങ്കില്‍ അവസാന മത്സരത്തില്‍ അവസരം ലഭിച്ച സഞ്ജു മികവ് തെളിയിക്കുകയും ചെയ്തു. പരമ്പരയിലുടനീളം മത്സരത്തിന് രസംകൊല്ലിയായി എത്തിയത് മഴയായിരുന്നു. പല മത്സരങ്ങളിലും മഴ കളി മുടക്കിയതിനെ തുടര്‍ന്ന് ഓവറുകള്‍ വെട്ടിച്ചുരുക്കി. നാലാം മത്സരത്തില്‍ ഇന്ത്യ തോറ്റതും മഴമൂലമാണന്നു പറയാം. എന്നാല്‍, മഴ കളി മുടക്കുമ്പോഴും മണിക്കൂറുകള്‍ക്കുള്ളില്‍ മൈതാനം മത്സരയോഗ്യമാക്കിയിരുന്നു. വിശ്രമമില്ലാതെ പണിയെടുത്ത ഗ്രൗണ്ട്സ്മാന്‍മാര്‍ക്കാണ് ഇതിന്റെ കൈയ്യടി.

Exit mobile version