‘സഞ്ജുവിനെ ടീമിൽ കാണുന്നത് വളരെ സന്തോഷകരം’; ടീം ഇന്ത്യയിൽ തിരിച്ചെത്തിയ സഞ്ജുവിന് ആശംസയുമായി ഡിവില്ലിയേഴ്‌സ്

ഇന്ത്യൻടീമിൽ ഒരടയവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലേക്കാണ് സഞ്ജു ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ശുഭ്മാൻ ഗിൽ എന്നിവർക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജു ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.

ടീം ഇന്ത്യയെ കെഎൽ രാഹുലായിരിക്കും നയിക്കുക. അതേസമയം, ലോകകപ്പ് സ്‌ക്വാഡിലേക്ക് ഉൾപ്പടെ സഞ്ജുവിനെ അവഗണിച്ചതിനെ തുടർന്ന് ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള അമർഷം ഉണ്ടായിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജുവിന് മികച്ച ഏകദിന ആവറേജ് ഉണ്ടായിരുന്നിട്ട് കൂടി ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് സെലക്ടർമാരും പഴി കേട്ടിരുന്നു.

ലോകകപ്പിന് പിന്നാലെ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലും സഞ്ജുവിന് അവഗണനയായിരുന്നു. ആരാധകർ കടുത്തഭാഷയിൽ വിമർശനം ഉയർത്തിയതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിനായി സഞ്ജു സാംസണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

ALSO READ- അന്വേഷണത്തിൽ പുരോഗതിയില്ലെങ്കിൽ പ്രതിഷേധിക്കാമായിരുന്നു; പോലീസിനെ കുറ്റപ്പെടുത്തുന്ന അനാവശ്യ പ്രവണതയുണ്ട്: പ്രതിപക്ഷത്തേയും വിമർശിച്ച് മുഖ്യമന്ത്രി

ഇതിനിടെയാണ് സഞ്ജുവിന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ താരം എബിഡി വില്ലിയേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ്, ‘സഞ്ജുവിനെ ടീമിൽ കാണുന്നത് വളരെ സന്തോഷകരമാണ്. ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ അദ്ദേഹം ആസ്വദിക്കും. തലയുയർത്തി ബാറ്റ് ചെയ്യുന്ന താരമാണ് സഞ്ജു. വിക്കറ്റുകൾക്ക് കുറച്ച് ബൗൺസും ചലനവുമുണ്ട്, എല്ലാ ബാറ്ററുകളും പരീക്ഷിക്കപ്പെടും’- എന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടത്.

‘സഞ്ജുവിനെ പോലെ ഒരു താരം ഈ വിക്കറ്റിൽ നന്നായി ബാറ്റ് ചെയ്യുമെന്ന് കരുതുന്നു. കൂടാതെ വിക്കറ്റിന് പിന്നിൽ ഒരു മികച്ച കീപ്പർ കൂടിയാണ് അദ്ദേഹം’- എന്നും എബിഡി പ്രശംസിക്കുന്നു.

Exit mobile version