വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു : ക്വട്ടേഷന്‍ സംഘത്തില്‍ സ്വന്തം സഹോദരനും

Rape | Bignewslive

ചാത്തന്നൂര്‍ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ സഹോദരനുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ യുവതിയെയെും സംഘത്തിലെ മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.

മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ്(ചിഞ്ചുറാണി-30), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിന് സമീപം തുണ്ടില്‍ വീട്ടില്‍ അംമ്പു(33), വര്‍ക്കല കണ്ണമ്പ പുല്ലാനിക്കോട് മാനസസരസ്സില്‍ താമസിക്കുന്ന അനന്ദു പ്രസാദ്(21) എന്നിവരാണ് അറസ്റ്റിലായത്.

ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ(25), സുഹൃത്ത് വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. ഇതില്‍ വിഷ്ണുപ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന അനന്ദുപ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ട് പോകുമ്പോള്‍ സംഘത്തിലുണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് :

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ലിന്‍സി ഒന്നര വര്‍ഷം മുമ്പാണ് ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതവും വിഷ്ണുവും പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരാണ്.അടുപ്പം ശക്തമായതോടെ ലിന്‍സി പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഗൗതമിന് നല്‍കി.

ഇതിനിടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച് അകലാന്‍ തുടങ്ങിയതോടെ ഗൗതമിനോട് പകയായി. ഇതോടെയാണ് ക്വട്ടേഷന്‍ നല്‍കുന്നത്. ചാത്തന്നൂരില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വിഷ്ണുവിനെ 14ന് ഉച്ചയ്ക്ക് ലിന്‍സി വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു. ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍വാരത്തെത്തിച്ച് മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ട് ഗൗതമിനെ വിളിച്ച് വരുത്തി.

ഇരുവരെയും മര്‍ദിച്ചവശരാക്കിയ ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം രക്ഷപെട്ടു.സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്നതിനിടെയാണ് ലിന്‍സിയെ പിടികൂടുന്നത്. ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് അനന്ദുവാണെന്നും 40000 രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി. ലിന്‍സിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

Exit mobile version