ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പകരം വിമാനവുമില്ല; ദുരിതത്തിലായി നൂറുകണക്കിന് യാത്രക്കാർ

ദുബായ്: ബുധനാഴ്ച രാത്രിയോടെ കോഴിക്കോട്ടേക്ക് തിരിക്കേണ്ട സ്‌പൈസ് ജെറ്റ് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാർ ദുബായിയിൽ ദുരിതത്തിലായി. പകരം വിമാനം ഏർപ്പെടുത്താൻ വിമാനക്കമ്പനി തയ്യാറായതുമില്ല. ഇതോടെ വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ട ഗതികേടിലായി യാത്രക്കാർ. സ്‌പൈസ് ജെറ്റിന്റെ എസ്ജി-054 വിമാനമാണ് പുറപ്പെടേണ്ട സമയത്തിന് ഒരു മണിക്കൂർ മുമ്പ് റദ്ദാക്കിയതായുള്ള അറിയിപ്പുവന്നത്. ദുബായിയിൽനിന്ന് വൈകീട്ട് 4.10-ന് പുറപ്പെട്ട് രാത്രി 9.50-ന് കോഴിക്കോട്ടേക്ക് എത്താനുള്ളതായിരുന്നു ഈ വിമാനം.

ഇതിനകംതന്നെ ഭൂരിഭാഗം യാത്രക്കാർക്കും ബോർഡിങ് പാസ് നൽകിയിരുന്നു. കുറെപ്പേരുടെ ഇമിഗ്രേഷൻ നടപടികളും പൂർത്തിയായി. അപ്പോഴാണ് വിമാനം റദ്ദാക്കിയ കാര്യം പറഞ്ഞത്. പകരം വിമാനമില്ലെന്നും യാത്രക്കാർക്ക് ടിക്കറ്റിന്റെ പണം ഒരാഴ്ചയ്ക്കുള്ളിൽ അക്കൗണ്ടിലേക്ക് തിരിച്ചുനൽകുമെന്നുമായിരുന്നു വിശദീകരണം. പെട്ടെന്നുതന്നെ നാട്ടിൽ എത്തേണ്ടിയിരുന്നവർക്ക് സ്‌പൈസ് ജെറ്റിന്റെ കൊച്ചി വിമാനത്തിൽ ഇടംനൽകി.

കുറച്ചുപേർക്ക് പൂനെ വഴി കോഴിക്കോട്ടേക്ക് ടിക്കറ്റ് നൽകാമെന്നുള്ള ഓഫറും വിമാനക്കമ്പനി പ്രതിനിധികൾ മുന്നോട്ടുവെച്ചു. എന്നാൽ, ദുബായിയിൽ അവധിക്കാലത്തിന്റെ തിരക്കിലായതിനാൽ മിക്കവിമാനത്തിലും നേരത്തേതന്നെ സീറ്റുകൾ ബുക്ക്‌ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ രാത്രി ഏറെ വൈകിയുള്ള വിമാനങ്ങളിലും മിക്കവർക്കും ടിക്കറ്റ് കിട്ടിയില്ല. അതിനാൽ ബാക്കിയുള്ളവർ വ്യാഴാഴ്ചത്തെ വിമാനങ്ങളിലാണ് ടിക്കറ്റ് തരപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിൽ ടിക്കറ്റ് അടുത്ത ദിവസങ്ങളിലേക്കായി മാറ്റിയവരാകട്ടെ വിമാനത്താവളത്തിൽത്തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥയിലുമായി. കൂടാതെ, ഇവർക്ക് രാത്രി താമസസൗകര്യമോ ഭക്ഷണമോ നൽകാൻ വിമാനക്കമ്പനിക്കാർ താത്പര്യമെടുത്തില്ല. വിമാനം എത്തിയതിനുശേഷമുണ്ടായ സാങ്കേതിക തകരാറുമൂലമാണ് റദ്ദാക്കിയതെന്നും യാത്രക്കാർക്ക് ഇഷ്ടംപോലെ ചെയ്യാമെന്നുമുള്ള മറുപടിയാണ് പലർക്കും കമ്പനി പ്രതിനിധികളിൽനിന്ന് ലഭിച്ചത്. ഈ വിമാനത്തിന്റെ വ്യാഴാഴ്ച പുലർച്ചെ കോഴിക്കോട്ടുനിന്നുള്ള മടക്കസർവീസും റദ്ദാക്കി. ദുബായിയിൽ സന്ദർശകവിസയിലെത്തി മടങ്ങാനിരുന്ന ചില യാത്രക്കാരും പുറത്തിറങ്ങാനാവാതെ കുടുങ്ങി.

Exit mobile version