റിയാദ്-കൊച്ചി എയര്‍ ഇന്ത്യ വിമാനം മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍; പരീക്ഷ അവതാളത്തിലായി വിദ്യാര്‍ത്ഥികള്‍

ഞായറാഴ്ച വൈകീട്ട് 3.45ന് കൊച്ചിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം തിങ്കളാഴ്ച വൈകീട്ടോടെ മാത്രമെ പുറപ്പെടൂ.

റിയാദ്: പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയര്‍ ഇന്ത്യയുടെ റീഷെഡ്യൂളിങ്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള എയര്‍ഇന്ത്യ വിമാനം മുടങ്ങി യാത്രക്കാര്‍ ദുരിതത്തിലായി. ഞായറാഴ്ച വൈകീട്ട് 3.45ന് കൊച്ചിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം തിങ്കളാഴ്ച വൈകീട്ടോടെ മാത്രമെ പുറപ്പെടൂ. നാട്ടില്‍ തിങ്കളാഴ്ച പരീക്ഷ എഴുതേണ്ട കുട്ടികള്‍ ഇതോടെ ആശങ്കയിലായി. ചൊവ്വാഴ്ച പുറപ്പെടുന്ന മുംബൈ വിമാനത്തിലെ യാത്രക്കാരേയും ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. റീഷെഡ്യൂള്‍ ചെയ്തതാണ് വൈകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു.

ഞായറാഴ്ച വൈകീട്ട് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ 924 ാം നമ്പര്‍ വിമാനത്തില്‍ വൈകിയിട്ടാണെങ്കിലും യാത്രക്കാരെ കയറ്റി പിന്നീട് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന് തകരാറുണ്ടെന്നാണ് അറിയിച്ചത്. യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി. യാത്ര സംബന്ധിച്ച് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലാണെന്നും യാത്രക്കാര്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ചൊവ്വാഴ്ച വൈകീട്ട് വിമാനം പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റീ ഷെഡ്യൂളിങ് കാരണമാണ് വിമാനം വൈകിയതെന്നും എയര്‍ ഇന്ത്യ റിയാദ് മാനേജര്‍ പറഞ്ഞു.

Exit mobile version