ദുബായിയിലെ ബസപകടം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹമാണ് ആദ്യം നാട്ടിലെത്തിക്കുക

ദുബായ്: കഴിഞ്ഞ ദിവസം ദുബായിയില്‍ ഉണ്ടായ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹമാണ് ആദ്യം നാട്ടിലെത്തിക്കുക. മൊഹസിനയിലെ എംബാമിംഗ് കേന്ദ്രത്തില്‍നിന്നും ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരിച്ചവരുടെ വിസയും പാസ്‌പോര്‍ട്ടും റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പോലീസ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ എംബാമിംഗ് നടപടികള്‍ ആരംഭിക്കും. അവധി ദിനമാണെങ്കിലും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.

ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍നിന്നു ദുബായിയിലേക്കു വന്ന യാത്രാ ബസാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായി തകര്‍ന്നു. അപകടത്തില്‍ എട്ട് മലയാളികള്‍ അടക്കം പതിനേഴ് പേരാണ് മരിച്ചത്.

Exit mobile version