ഇഖാമ പുതുക്കി നല്‍കാന്‍ കമ്പനി ലൈസന്‍സില്‍ പുതിയ നിബന്ധന; കുവൈറ്റിലെ പ്രവാസികള്‍ ദുരിതത്തില്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കമ്പനികള്‍ക്ക് തിരിച്ചടിയായി പുതിയ സര്‍ക്കാര്‍ ഉത്തരവ്. കമ്പനികള്‍ക്ക് ആറുമാസം ലൈസന്‍സുണ്ടെങ്കില്‍ മാത്രം ഇഖാമ പുതുക്കി നല്‍കുകയുള്ളൂവെന്ന് കുവൈറ്റിലെ താമസകാര്യ വകുപ്പ് പുതിയ ഉത്തരവ് ഇറക്കി. ഇതോടെ മലയാളികളടക്കം നിരവധി കമ്പനി ഉടമകളും തൊഴിലാളികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് കമ്പനികളുടെ ലൈസന്‍സ് കാലാവധി മാനദണ്ഡമാക്കിയതോടെയാണ് കമ്പനികള്‍ പ്രതിസന്ധിയിലായത്. കമ്പനികളുടെ ലൈസന്‍സ് കാലാവധി 6 മാസത്തില്‍ കുറവാണെങ്കില്‍ ജീവനക്കാരുടെ ഇഖാമ പുതുക്കി നല്‍കേണ്ടന്നാണ് കുവൈറ്റ് നിലപാട്.

വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസന്‍സ് കാലാവധി നീട്ടി വാങ്ങാനാണ് താമസകാര്യ വകുപ്പിന്റെ നിര്‍ദേശം. സാധാരണ ഗതിയില്‍ 3 മുതല്‍ 5 വര്‍ഷം വരെയാണ് വാണിജ്യ ലൈസന്‍സിന്റെ കാലാവധി.

Exit mobile version