നവജാത ശിശുവിനെ എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് റൂമില്‍ മറന്നുവച്ചു; തിരികെ എടുക്കാന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി

ജിദ്ദ: വിമാന യാത്രയ്ക്കിടെ നവജാത ശിശുവിനെ മറന്നുവച്ചു, കുഞ്ഞിനെ തിരികെഎടുക്കാന്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ജിദ്ദ എയര്‍പോര്‍ട്ടിലാണ് സംഭവം. കുഞ്ഞ് ജനിച്ചിട്ട് അധിക ദിവസങ്ങളായിരുന്നില്ല. യാത്രയുടെ തിരക്കിനിടയില്‍ കുഞ്ഞുണ്ടെന്ന കാര്യം യുവതി മറന്നുപോയി. എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് റൂമിലാണ് കുഞ്ഞിനെ മറന്നു വച്ചത്. ഫ്‌ലൈറ്റ് ഉയര്‍ന്ന് പൊങ്ങി കുറച്ചു സമയം കഴിഞ്ഞാണ് കുഞ്ഞ് കൂടെയില്ലെന്ന കാര്യം യുവതി ഓര്‍ത്തതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉടനെ തന്നെ പൈലറ്റിനോട് പറഞ്ഞ് ഫ്‌ലൈറ്റ് തിരികെയിറക്കി. ജിദ്ദയില്‍ നിന്നും ക്വലാലംപൂരിലേക്ക് പോകുന്ന ഫ്‌ലൈറ്റായിരുന്നു ഇത്. യുവതി കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു വച്ചു, തിരികെയെടുക്കാന്‍ വേണ്ടി ഫ്‌ലൈറ്റ് തിരിച്ച് ലാന്റ് ചെയ്യുന്നു എന്നാണ് പൈലറ്റ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. പൈലറ്റ് ഈ വിവരം എയര്‍പോര്‍ട്ടില്‍ വിളിച്ച് പറയുന്നതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സംഭവത്തെക്കുറിച്ച് പൈലറ്റ് വിളിച്ചു പറഞ്ഞപ്പോള്‍ കാബിന്‍ ക്രൂ ജീവനക്കാര്‍ അത്ഭുതപ്പെടുന്നുണ്ട്. പൈലറ്റിന്റെ സന്ദേശം ഇപ്രകാരമായിരുന്നു. ”ഫ്‌ലൈറ്റ് തിരികെയിറക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യാത്രക്കാരിയായ യുവതി കുഞ്ഞിനെ വെയിറ്റിംഗ് റൂമില്‍ വച്ച് മറന്നു.” സന്ദേശം കേട്ട ഓപ്പറേറ്റര്‍ പ്രതികരിച്ചത് ‘ഓകെ എന്നാല്‍ ഇതൊരു പുതിയ സംഭവമാണല്ലോ’ എന്നായിരുന്നു. എന്തായാലും മറന്നു പോയ കുഞ്ഞിനെ തിരിച്ചെടുത്ത് യുവതി യാത്ര തുടര്‍ന്നു.

Exit mobile version