ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു; ഒമ്പത് വയസുള്ള കുട്ടിയടക്കം ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം

ഷാര്‍ജ: ഷാര്‍ജയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് വയസുള്ള കുട്ടിയടക്കം ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഷാര്‍ജ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ നസ്‌വി ഏരിയയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ പലതവണ കരണം മറിയുകയും ചെയ്തു. രാത്രി 10.40നാണ് അപകടത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അല്‍ സിയൂഹ് പോലീസ് സ്റ്റേഷനില്‍ നിന്ന് പട്രോള്‍ സംഘവും ആംബുലന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. മരിച്ചവരെ അല്‍ ദാഇദ് ആശുപത്രിയിലേക്കും പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലേക്കുമാണ് മാറ്റിയത്.

മരിച്ച ഇന്ത്യന്‍ ദമ്പതികള്‍ക്ക് 46ഉം 41ഉം വയസാണ് ഉള്ളത്. ഇവര്‍ സന്ദര്‍ശക വിസയിലാണ് യുഎഇയില്‍ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം മരുഭൂമിയില്‍ ഡ്രൈവ് ചെയ്യാനും ക്യാംപ് ചെയ്യാനും പോകുന്നവര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പോലീസ് വക്താവ് അറിയിച്ചു.

Exit mobile version