ആളുകളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ഉദ്ദേശമില്ല; കുവൈറ്റില്‍ വാഹന നിരീക്ഷണത്തിനായി രഹസ്യക്യാമറകള്‍ സ്ഥാപിച്ചെന്ന വാര്‍ത്ത തെറ്റ്, ഗതാഗതവകുപ്പ്

രാജ്യത്തെവിടെയും ഇത്തരത്തില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

കുവൈത്ത് സിറ്റി: വാഹനങ്ങളെ നിരീക്ഷിക്കാനായി കുവൈറ്റില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ഗതാഗതവകുപ്പ്. രാജ്യത്തെവിടെയും ഇത്തരത്തില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നിലവില്‍ കുവൈറ്റില്‍ റോഡുകളിലെ നിരീക്ഷണ ക്യാമറകളും പോയിന്റ് ടു പോയിന്റ് ഐ ക്യാമറകളും കൂടാതെ ട്രാഫിക് പോലീസിന്റെ പട്രോള്‍ വാഹനങ്ങളിലുമാണ് നിരീക്ഷണ സംവിധാനമുള്ളത്. നിയമലംഘനം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിയത്. അതിനപ്പുറം ആളുകളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ഉദ്ദേശമില്ലെന്നും ഒളിപ്പിച്ച നിലയില്‍ എവിടെയും ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.

അതേ സമയം മത്സരയോട്ടം, വ്യാജ ടാക്‌സി സര്‍വീസ് എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസന്‍സില്ലാതെ വണ്ടി ഓടിച്ചാല്‍ വാഹനം കണ്ടുകെട്ടുന്നതോടൊപ്പം ഡ്രൈവറെയും അറസ്റ്റ് ചെയ്യും.

വാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലാതിരിക്കല്‍, എതിര്‍ നിരയില്‍ വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കുക, ഇന്‍ഷുറന്‍സ്-വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതിരിക്കുക, അമിതമായി പുകയും ശബ്ദവും പുറപ്പെടുവിക്കല്‍, കാഴ്ചമറച്ച ചില്ലുകള്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, വേഗപരിധി ലംഘിക്കല്‍ എന്നിവയ്ക്കും വാഹനം പിടിച്ചെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version