‘നെഞ്ചുവേദനയ്ക്ക് മരുന്ന് കഴിച്ചു, ഇനി വിളിക്കേണ്ട’; ഭാര്യയോട് ഫോണിൽ സംസാരിച്ച് കിടന്ന പ്രവാസി മലയാളി ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചു മരണപ്പെട്ടു

റിയാദ്: പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിലെ താമസസ്ഥലത്ത് ഹൃദയാഘാതം വന്നു മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഉനൈസയിലെ സലഹിയ്യയിൽ തന്റെ മുറിയിലാണ് കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തുവയൽ ചായക്കടമുക്ക് തെക്കേവിള അപ്പുക്കുട്ടൻ മകൻ കണ്ണനാണ് (44) വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ച് മരിച്ചത്.

സൗദിയിൽ ടൈൽസ് ജോലികളുടെ കരാറുകാരനായിരുന്നു കണ്ണൻ. കഴിഞ്ഞ 12 വർഷമായി സൗദി പ്രവാസിയായ കണ്ണനൊപ്പം അടുത്തകാലം വരെ കുടുംബവും ഒപ്പമുണ്ടായിരുന്നു. രാത്രിയിൽ വീട്ടിലേക്ക് ഫോൺ വിളിച്ച കണ്ണൻ അനിതയോട് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും ഗുളിക കഴിച്ച് കിടക്കുകയാണ് തിരികെ വിളിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു.

പിറ്റേന്ന് രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു.

ALSO READ-‘അപരിചിതനായ ഒരു പുരുഷൻ ‘ഡാർലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ’; ക്രിമിനൽ കുറ്റമെന്ന് കൽക്കട്ട ഹൈക്കോടതി

മക്കൾ: ദേവിക, ഗോപിക. മൃതദേഹം ഉനൈസ കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തീകരിക്കാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.

Exit mobile version