സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്; മിറാക്കിള്‍ ഗാര്‍ഡനിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

ദുബായ്: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍. ഇപ്പോഴിതാ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇളവ് യുഎഇയിലെ സ്ഥിര താമസക്കാര്‍ക്കാണ് ലഭിക്കുക. മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നതിന് പിന്നാല സഞ്ചാരികളുടെ വലിയ നിരയാണ് ദിവസവും ദുബായിലേക്ക് എത്തുന്നത്.

ശൈത്യകാല സീസണിന് മുന്നോടിയായാണ് യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മിറാക്കിള്‍ ഗാര്‍ഡനിലെ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമായാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ 65 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാക്കും. മിറാക്കിള്‍ ഗാര്‍ഡനിലെ പ്രത്യേക കൗണ്ടറിലൂടെ എമിറേറ്റ്സ് ഐഡി നല്‍കിയാണ് താമസക്കാര്‍ക്ക് കുറഞ്ഞ നിരക്കിലുളള ടിക്കറ്റ് സ്വന്തമാക്കാനാവുക.

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കില്‍ 10 ദിര്‍ഹത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 75 ദിര്‍ഹമായിരുന്നു ടിക്കറ്റിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ അഞ്ച് ദിര്‍ഹത്തിന്റെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ മൂന്ന് മുതല്‍ 12 വരെ പ്രായമുളളവര്‍ക്ക് 60 ദിര്‍ഹത്തിനാണ് ടിക്കറ്റ് ലഭ്യമാക്കിയത്. വിനോദ സഞ്ചാരികള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും നിരക്കിളവ് ലഭിക്കില്ലെന്ന് മിറാക്കിള്‍ ഗാര്‍ഡന്‍ അധികൃതര്‍ അറിയിച്ചു.

ഈ വിഭാഗത്തില്‍ 12 വസിന് മുകളില്‍ പ്രായമുളളവര്‍ പ്രവേശനത്തിനായി 95 ദിര്‍ഹവും മൂന്നിനും 12നും ഇടയില്‍ പ്രയമുളളവര്‍ 80 ദിര്‍ഹവുമാണ് നല്‍കേണ്ടത്. മൂന്ന് വയസില്‍ താഴയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മിറാക്കിള്‍ ഗാര്‍ഡന്റെ 12-ാം സീസണ് ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് തുടക്കമായത്. മാള്‍ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനില്‍ നിന്ന് മിറാക്കിള്‍ ഗാര്‍ഡനിലേക്കുളള ബസ് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. പൂക്കളാല്‍ അലംകൃതമായ മിറാക്കിള്‍ ഗാര്‍ഡനില്‍ 150 ദശ ലക്ഷത്തിലധികം പൂവുകളാണുളളത്.

Exit mobile version