മുഅ്മിനയെയും മക്കളെയും സൗദി പോലീസ് പിടികൂടി: പ്രവാസി മലയാളിയുടെ കനിവ് കാത്ത് കണ്ണീരോടെ ഒരു കുടുംബം

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ച സൊമാലിയന്‍ സ്വദേശിനിയായ യുവതിയെയും മക്കളെയും സൗദി പോലീസ് പിടികൂടി. രേഖകളില്ലാത്തതിനാലാണ് മുഅ്മിനയെയും ഏഴ് മക്കളെയും പോലീസ് പിടികൂടിയതെന്ന് പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ വഹീദ് സമാന്‍.

ശേഷം ചില സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ മുഅ്മിനയെയും മകളെയും പോലീസ് മോചിപ്പിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും സ്വന്തമായി രാജ്യമോ രേഖകളോ ഇല്ലാത്തതിനാല്‍ പേടിച്ച് കഴിയുകയാണ് ഈ സ്ത്രീയും മക്കളും. 12 വര്‍ഷം മുമ്പ് മുഅ്മിനയെയും മക്കളെയും അബ്ദുള്‍ മജീദ് എന്ന പ്രവാസി മലയാളി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയതോടെയാണ് ഇവരുടെ ദുരിത ജീവിതം തുടങ്ങിയത്.

വളരെ ചെറിയ പ്രായത്തിലാണ് സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന് മുഅ്മിന കുടുംബത്തോടൊപ്പം ജിദ്ദയിലെത്തുന്നത്. ഇതിനിടെയാണ് പെരിന്തല്‍മണ്ണ അമ്മനിക്കാട് സ്വദേശിയായ അബ്ദുല്‍ മജീദിനെ ഇവര്‍ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമാവുകയും ഇരുവരും വിവാഹിതരായി ഒരുമിച്ച് ജീവിതം തുടങ്ങുകയും ചെയ്തു. സന്തോഷത്തോടെ അവരുടെ കുടുംബ ജീവിതം മുന്നോട്ട് പോയി. ഇതിനിടെ ഇരുവരുടെയും ജീവിതത്തിലേക്ക് ആറ് കുഞ്ഞുങ്ങള്‍ ജനിച്ചു. ഏഴാമത്തെ മകള്‍ ഹാജറയെ ഗര്‍ഭം ധരിച്ച സമയത്ത് പെട്ടെന്നൊരു ദിവസം അബ്ദുള്‍ മജീദ് നാട്ടിലേക്ക് മടങ്ങി.

മുഅ്മിന അറിയാതെയായിരുന്നു മടക്കം. പക്ഷെ അത് എന്നത്തേക്കുമുള്ള പോക്കാണെന്ന് മുഅ്മിന കരുതിയില്ല. ഭര്‍ത്താവിന്റെ മടങ്ങി വരവിനായി ആ സ്ത്രീ കാത്തിരുന്നു. ഇതിനിടയില്‍ ഏഴാമത്തെ മകള്‍ ജനിച്ചു. എന്നാല്‍ മജീദ് തിരികെയെത്തിയില്ല. മുഅ്മിനയുടെയും മക്കളുടെയും കാത്തിരിപ്പ് മാസങ്ങളും വര്‍ഷങ്ങളും നീണ്ടു. പക്ഷെ അബ്ദുള്‍ മജീദ് എത്തിയില്ല. നിസ്സഹായവും ഭീതിജനകവുമായി ആ കാത്തിരിപ്പ് 12 വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷെ അബ്ദുള്‍ മജീദ് വന്നില്ല…

ഹാജറ, ഹയാത്ത്, ഫവാസ്, ഹനാന്‍, ഫഹദ്, ഹൈഫ എന്നിവരാണ് മുഅ്മിനയുടെ മക്കള്‍. ഇതില്‍ ആറു മക്കളും ജിദ്ദ ബാഗ്ദാദിയയിലെ ഇടിഞ്ഞു പൊളിയാറായ വീട്ടിലാണ് താമസിക്കുന്നത്. ഫവാസ് എന്ന മകന്‍ സൊമാലിയയില്‍ മുഅ്മിനയുടെ അകന്ന ബന്ധുക്കള്‍ക്കൊപ്പമാണ് താമസം. തന്റെ സഹോദരങ്ങള്‍ക്കൊപ്പം കഴിയാനാണ് ഫവാസിനും ആഗ്രഹം.

എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയല്ല. ഏതു നിമിഷവും സൗദി അധികൃതര്‍ പിടികൂടുമെന്ന ഭീതിയിലാണ് ഈ കുടുംബം കഴിയുന്നത്. മുഅ്മിനയുടെ മക്കള്‍ക്കൊന്നും ജനന സര്‍ട്ടിഫിക്കറ്റുകളോ ഇഖാമയോ അടക്കമുള്ള രേഖകളൊന്നുമില്ല. ഒരിക്കല്‍ മക്കളിലൊരാളായ ഫൈസലിനെ യെമനിലേക്ക് സൗദി പോലീസ് നാടു കടത്തിയിരുന്നു. വളരെ പണിപ്പെട്ടാണ് തിരികെ സൗദിയിലെത്താന്‍ സാധിച്ചത്. രേഖകളില്ലാത്തതിനാല്‍ മക്കള്‍ക്കാര്‍ക്കും ജോലിയും ലഭിക്കില്ല.

റോഡരികില്‍ പലഹാരം വിറ്റാണ് മുഅ്മിന മക്കളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ ഇതിനിടെ ഒരു അപകടത്തില്‍ ഇവരുടെ കാലിന് പരിക്കേറ്റു. ജോലി നിര്‍ത്തേണ്ടി വന്നു. മകള്‍ ഹയാത്തിനെ ഒരു സൊമാലിയന്‍ പൗരന്‍ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പിരിഞ്ഞു. ഈ ബന്ധത്തിലുള്ള രണ്ട് മക്കളും മുഅ്മിനയ്ക്കൊപ്പമുണ്ട്. ഇത്രയും ആളുകള്‍ക്ക് ജീവിക്കാനുള്ള വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. മകന്‍ ഹനാന് ഒരു വീട്ടില്‍ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ തുകയാണ് ആകെ വരുമാനം.

ആകെ സഹായിക്കാനുള്ളത് വേങ്ങര സ്വദേശി അബ്ദുള്‍ സലാം എന്ന വ്യക്തിയാണ്. വിശന്നിരിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതു വരെ കരുണയുള്ള ആ മനുഷ്യനാണ്. ജിദ്ദയിലെ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അബ്ദുള്‍ മജീദ് എന്നാണ് മുഅ്മിന പറയുന്നത്. ആദ്യം നാട്ടില്‍ നിന്നും പണം അയച്ചിരുന്നെങ്കിലും പതിയെ അതും നിലച്ചു.

Exit mobile version