രണ്ട് യുദ്ധക്കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; അകത്ത് പടക്കോപ്പുകളല്ല, ജീവവായുവും ചികിത്സാ ഉപകരണങ്ങളും; പ്രതിസന്ധിയുടെ കാലത്ത് കൈത്താങ്ങായി കുവൈറ്റ്

കുവൈത്ത് സിറ്റി: കോവിഡ് രണ്ടാം തരംഗത്തിൽ ജീവവായു കിട്ടാതെ പിടയുന്ന ഇന്ത്യയിലെ ആയിരക്കണക്കിന് രോഗികൾക്ക് കൈത്താങ്ങായി കുവൈറ്റ്. കുവൈറ്റ് തീരത്തുനിന്നും കാരുണ്യം നിറച്ച രണ്ട് യുദ്ധക്കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു. അവയ്ക്ക് ഉള്ളിൽ പക്ഷെ, യുദ്ധോപകരണങ്ങൾ അല്ല, ജീവൻ രക്ഷിക്കുന്ന ചികിത്സാ ഉപകരണങ്ങളാണ്. പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്നവരെ ലക്ഷ്യമിട്ട് ഓക്‌സിജൻ സിലിണ്ടറുകൾ ഉൾപ്പെടെയുണ്ട് അവയിൽ.

ഇന്ത്യയിൽ നിന്നെത്തിയ ഐഎൻഎസ് താബർ, ഐഎൻഎസ് കൊച്ചി എന്നീ കപ്പലുകളിലാണ് കുവൈറ്റ് ചികിത്സാ ഉപകരണങ്ങൾ കയറ്റി അയച്ചിരിക്കുന്നത്. ഐഎൻഎസ് താബറിൽ 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും 600 ഓക്‌സിജൻ സിലിണ്ടറുകളും ഉണ്ട്. 60 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും 800 ഓക്‌സിജൻ സിലിണ്ടറുകളും 2 ഓക്‌സിജൻ കൺസൻട്രേറ്ററുകളുമാണ് ഐഎൻഎസ് കൊച്ചിയിലുള്ളത്.

റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണു കുവൈറ്റ് സഹായം എത്തിക്കുന്നത്. ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി കണ്ടറിഞ്ഞ് സഹായം വാഗ്ദാനം ചെയ്ത് ആദ്യഘട്ടത്തിൽ തന്നെ കുവൈറ്റ് രംഗത്തെത്തിയിരുന്നു. മുമ്പ് ഏതാനും ഓക്‌സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ വിമാനമാർഗം ഡൽഹിയിൽ എത്തിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വസ്തുക്കൾ കയറ്റി അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഡോ.അബ്ദുല്ല ഈസ അൽ സൽമാൻ, ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് എന്നിവർ ഷുഐബ തുറമുഖത്ത് എത്തിയിരുന്നു.

പ്രതിസന്ധി ഘട്ടത്തിൽ കുവൈത്ത് നൽകുന്ന പിന്തുണ പ്രശംസാർഹമാണ്. പ്രയാസങ്ങൾ അനുഭവിക്കുന്ന വേളകളിൽ പരസ്പര സഹകരണത്തിന് ഇരു രാജ്യങ്ങളും കാണിക്കാറുള്ള താൽപര്യം മാതൃകാപരമാണെന്നും അതിന്റെ തെളിവാണ് ഇപ്പോൾ കുവൈത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പിന്തുണയെന്നും ഇന്ത്യൻ സ്ഥാനപതി പ്രതികരിച്ചു.

Exit mobile version