ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു

മിനിമം നിരക്ക് എട്ട് ദിര്‍ഹമായി

ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ ഒരു ദിര്‍ഹത്തിന്റെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഷാര്‍ജക്കുള്ളില്‍ യാത്ര ചെയ്യാന്‍ മിനിമം നിരക്ക് ഏഴ് ദിര്‍ഹത്തിന് പകരം എട്ട് ദിര്‍ഹം നല്‍കണം. ഷാര്‍ജയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനാണ് കൂടുതല്‍ വര്‍ധനവ് വന്നിരിക്കുന്നത്. ഷാര്‍ജയില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കുള്ള നിരക്കില്‍ മൂന്ന് ദിര്‍ഹത്തിന്റെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്കും അല്‍ഐനിലേക്കും 33 ദിര്‍ഹം നല്‍കണം.

റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലേക്ക് രണ്ട് ദിര്‍ഹം വര്‍ധിപ്പിച്ചു. ഇതോടെ ഷാര്‍ജയില്‍ നിന്ന് റാസല്‍ ഖൈമയിലേക്ക് 27 ദിര്‍ഹവും, ഉമ്മുല്‍ ഖുവൈനിലേക്ക് 17 ദിര്‍ഹവും നല്‍കണം. ദുബൈ റാഷിദിയയിലേക്ക് 12 ദിര്‍ഹമായി ബസ് ചാര്‍ജ്ജ് വര്‍ധിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ഖുസ് വ്യവസായ മേഖല, എമിറേറ്റ്‌സ് മാള്‍ ജബല്‍ അലി എന്നിവിടങ്ങളിലേക്കുള്ള ബസ് യാത്രാനിരക്ക് 17 ദിര്‍ഹമായിരിക്കും.

എന്നാല്‍ സായര്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ നിരക്ക് വര്‍ധന കാര്യമായി ബാധിക്കില്ല. സായര്‍ കാര്‍ഡ് ഉപയോഗിച്ച് ആറ് ദിര്‍ഹത്തിന് ഷാര്‍ജക്കത്ത് യാത്ര ചെയ്യാം. മുന്‍പ് ഇത് 5.50 ദിര്‍ഹമായിരുന്നു. കാര്‍ഡ് ഉപയോഗിച്ചാല്‍ ഒരു യാത്രയില്‍ രണ്ട് ദിര്‍ഹം ലാഭിക്കാനാകും. അടുത്തിടെ ഷാര്‍ജയില്‍ ടാക്‌സി നിരക്കുകളും വര്‍ധിപ്പിച്ചിരുന്നു.

Exit mobile version