കാര്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച് അപകടം; അച്ഛന് അരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

റാസല്‍ഖൈമ: പ്രായപൂര്‍ത്തിയാകാത്ത മകന്‍ അച്ഛന്റെ കാര്‍ ഓടിച്ച് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അച്ഛന് പിഴ അടയ്ക്കാന്‍ വിധി. റാസല്‍ഖൈമ ട്രാഫിക് കോടതിയാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന്റെ ഉടമയായ ഗള്‍ഫ് പൗരനാണ് കോടതിയെ സമീപിച്ചത്. തന്റെ വാഹനത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി 9850 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ലൈസന്‍സില്ലാതെ കാറോടിച്ചതില്‍ കുട്ടി കുറ്റക്കാരനാണെന്ന് നേരത്തെ തന്നെ കോടതി വിധിച്ചിരുന്നു. പരാതിക്കാരന്റെ കാര്‍ റിപ്പയര്‍ ചെയ്തുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

അച്ഛന്റെ ഉടമസ്ഥതയിലുള്ള കാര്‍, മകന്‍ നിയമവിരുദ്ധമായി ഓടിക്കുകയും അശ്രദ്ധമായി വാഹനം തന്റെ കാറിലേക്ക് ഇടിച്ചുകയറ്റുകയുമായിരുന്നെന്ന് പരാതിയില്‍ ആരോപിച്ചു.

വാഹനം നന്നാക്കാന്‍ തനിക്ക് 8800 ദിര്‍ഹം ചെലവാക്കേണ്ടിവന്നുവെന്ന് കാറുടമ കോടതിയില്‍ പറഞ്ഞു. അഞ്ച് ദിവസത്തേക്ക് മറ്റൊരു കാര്‍ വാടകയ്ക്ക് എടുക്കാന്‍ 750 ദിര്‍ഹം ചെലവായി. ഇതിന് പുറമെ കോടതി ചെലവുകള്‍ക്കായി 350 ദിര്‍ഹവും ചെലവഴിക്കേണ്ടിവന്നുവെന്ന് ഇയാള്‍ വാദിച്ചു.

അപകടത്തില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ കോടതി, പരിശോധനക്കായി ഒരു ട്രാഫിക് വിദഗ്ധനെ നിയമിച്ചു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വാഹനത്തിനുള്ള തകരാര്‍ പരിഹരിക്കാന്‍ 2050 ദിര്‍ഹമാണ് ചെലവെന്ന് കോടതി കണ്ടെത്തുകയും തുടര്‍ന്ന് കുട്ടിയുടെ പിതാവ് 2500 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയുമായിരുന്നു.

Exit mobile version