കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചു

covid vaccine qatar | big news live

ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു. അല്‍ വജ്ബ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി മുന്‍ ഡയറക്ടര്‍ ഡോ.അബ്ദുള്ള അല്‍ ഖുബൈസിയാണ് ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കുത്തിവെപ്പ് എടുത്തവര്‍ക്കും നിലവിലുള്ള കൊവിഡ് മുന്‍കരുതല്‍ നിബന്ധനകള്‍ ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. തുടര്‍ന്ന് ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പ് നല്‍കും. വാക്‌സിന്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം ഇതിനകം അറിയിച്ചിട്ടുണ്ട്.


രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുക. അല്‍ വജ്ബ, ലീബൈബ്, അല്‍ റുവൈസ്, ഉംസലാല്‍, റൌളത്തുല്‍ ഖൈല്‍, അല്‍ തുമാമ, മൈദര്‍ എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് കുത്തിവെപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എഴുപത് വയസിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹൃദ്രോഗമുള്ളവര്‍ എന്നീ വിഭാഗക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അതത് മേഖലകളിലെ ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും ഫോണ്‍ മെസേജ് വഴി അപ്പോയിന്‍മെന്റ് ലഭിക്കും.

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക നിമിഷമാണിതെന്നും ഏറെ പ്രതീക്ഷയോടെയാണ് കുത്തിവെപ്പ് കാമ്പയിനെ നോക്കിക്കാണുന്നതെന്നും ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ ബയോടെക്കുമായി ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന്‍ ആണ് ഖത്തറില്‍ വിതരണം ചെയ്യുന്നത്. മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. മോഡേണയുടെ വാക്സിന്‍ അടുത്തവര്‍ഷം ആദ്യം എത്തുമെന്നാണ് വിവരം.

Exit mobile version