അബുദാബി ബിഗ് ടിക്കറ്റ് ബമ്പർ ഒന്നാം സമ്മാനം വീണ്ടും മലയാളിക്ക്; 24 കോടിയിലധികം സ്വന്തമാക്കി ജോർജ് ജേക്കബ്

pravasi malayali | pravasi news

അബുദാബി: പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി എത്തുന്ന ഭാഗ്യക്കുറിയായ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ ഇത്തവണയും മലയാളിക്ക് തുണയായി. ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (24 കോടിയിലധികം രൂപ) മലയാളി എടുത്ത ടിക്കറ്റിന് സ്വന്തമായി. ദുബായിയിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ് (51) ആണ് ബമ്പർ നേടിയ ആ ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം യുഎഇയിൽ താമസിക്കുന്നത്. ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ് നറുക്കും സ്വന്തമായത് ഇന്ത്യക്കാർക്കാണ്.

അതേസമയം, 2020 അവസാനിക്കാനിരിക്കെ, അബുദാബി ബിഗ് ടിക്കറ്റ് വലിയ സമ്മാനങ്ങളുമായി പുതിയ ടിക്കറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. സമ്മാനത്തുക വർധിപ്പിച്ചും കൂടുതൽ പേർക്ക് കോടീശ്വരന്മാരാവാൻ അവസരമൊരുക്കുകയുമാണ് ബിഗ് ടിക്കറ്റ്. രണ്ട് കോടി ദിർഹം ഗ്രാന്റ് പ്രൈസ് നൽകുന്ന ‘മൈറ്റി 20 മില്യൻ’ നറുക്കെടുപ്പാണ് ഡിസംബർ അവസാനത്തോടെ വരുന്നത്. ഡിസംബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223ാം സീരീസ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിർഹമാണ് (40 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാന്റ് പ്രൈസ്.

ഗൾഫ് മേഖലയിലാകെത്തന്നെ ഇത്ര വലിയ തുകയുടെ സമ്മാനം ആദ്യമായിട്ടായിരിക്കും നൽകാൻ പോകുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതർ പറയുന്നു. 30 ലക്ഷം ദിർഹമാണ് (ആറ് കോടിയിലധികം ഇന്ത്യൻ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിർഹമാണ് (രണ്ട് കോടിയോളം ഇന്ത്യൻ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിർഹം, 80,000 ദിർഹം, 60,000 ദിർഹം, 40,000 ദിർഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കും.

Exit mobile version