കുടംബത്തോടൊപ്പം ബീച്ചില്‍ എത്തി; കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ മുങ്ങിമരിച്ചു, അപകടം കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍

ഷാര്‍ജ: മലയാളികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ (17) എന്നിവരാണ് കടലില്‍ മുങ്ങിമരിച്ചത്.

ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു ഇസ്മയില്‍. മകളോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു.

ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു, പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മായിലും അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഇസ്മയിലിനേയും അമലിനെയും രക്ഷിച്ച് കരയ്ക്ക് കയറ്റി. ഷാര്‍ജ അല്ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നല്കി പിന്നീട് അവരെ ഇസ്മായിലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.

14 വര്ഷമായി ദുബായ് റോഡ്‌സ് ആന്ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്.ടി.എ.) അതോറിറ്റിയില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇസ്മായില്‍. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സാബിറ, മുബാറഖ് (ദുബായ് ആര്‍.ടി.എ.), കാമില എന്നിവരാണ് സഹോദരങ്ങള്‍.

Exit mobile version