പ്രവാസികളടക്കം എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; പ്രഖ്യാപനവുമായി സൗദി അറേബ്യ

free covid vaccine

റിയാദ്: കൊവിഡ് വാക്‌സിന് എത്തിയാല്‍ അത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍അസീരിയാണ് അറിയിച്ചത്.

പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

അതേസമയം തിങ്കളാഴ്ച 231 പുതിയ കൊവിഡ് കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 355489 ആയി. നിലവില്‍ 5877 ആക്ടീവ് കേസുകളാണ് ഉള്ളത്. 16 പേര്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 5796 ആയി.

Exit mobile version