പക്ഷാഘാതത്തെ തുടർന്ന് തളർന്നു വീണ പ്രവാസി മലയാളിയെ നാട്ടിലെത്തിച്ച് കോൺസുലേറ്റ്; 20 ലക്ഷത്തോളം ചികിത്സാചെലവും ഇളവ് ചെയ്ത് കരുതൽ

ദുബായ്: പക്ഷാഘാതത്തെ തുടർന്ന് അൽനാദയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി പ്രവാസിയെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. പാലക്കാട് താമസിക്കുന്ന കൊടുങ്ങല്ലൂർ പുതിയ കോവിലകത്ത് നാരായണ സ്വാമി അയ്യരെയാണ് (58) കഴിഞ്ഞദിവസം കോൺസുലേറ്റ് മെഡിക്കൽ വിങ്ങിന്റെ സഹായത്തോടെ യാത്രയാക്കിയത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്രയായത്.

കാർഗോ ലോജിസ്റ്റിക് ക്ലിയറൻസ് രംഗത്ത് പ്രവർത്തിക്കുന്ന നാരായണ സ്വാമി ഓഗസ്റ്റ് 13നാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാക്കി. രക്തം കട്ട പിടിച്ചതിനാൽ തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഡോ.സതീഷിന്റെ അടിയന്തര ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്നു നാരായണ സ്വാമിയെ സഹായിക്കാൻ നേതൃത്വം നൽകിയ മുകേഷ്, ഷാജി നമ്പ്യാർ എന്നിവർ പറയുന്നു.

തുടർന്ന് മൂന്നാഴ്ചയോളം ഇദ്ദേഹം ഐസിയുവിലായിരുന്നു. തുടർന്ന് അയ്യപ്പസേവാ സംഘത്തിന്റെ വിശാഖ്, രാകേഷ് എന്നിവർ വഴി കോൺസുലേറ്റിന്റെ മെഡിക്കൽ വിങ്ങുമായി ബന്ധപ്പെട്ടു. കോൺസുലേറ്റിന്റെ ഇടപെടൽ മൂലം അൽഖാസിമി ആശുപത്രിയിലെ 20 ലക്ഷത്തോളം രൂപയും ഇളവു ചെയ്തു നൽകി.

Exit mobile version