ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി സൗദിയിൽ നിര്യാതനായി

റിയാദ്: സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി പാലക്കാട് പുതുശ്ശേരി സ്വദേശി പൂലാംപാറ വീട്ടിൽ ശൈഖ് ദാവൂദ് (50) ആണ് റിയാദിൽ നിര്യാതനായത്. ശുമൈസി കിങ് സഊദ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

റിയാദിലെ ശിഗാല ഫാർമസ്യൂട്ടിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ്. 10 വർഷമായി റിയാദിൽ പ്രവാസിയാണ്. പരേതനായ ഖാദർ മൊയ്തീൻ, റഹ്മത്ത് ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: വിദ്യാർഥികളായ മുഹമ്മദ് ഷാദ്, മുഹമ്മദ് ഷാഹിൽ.

ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്കിലെ വിഎം അഷ്‌റഫിന്റെ സഹോദരീ ഭർത്താവാണ് ശെഖ് ദാവൂദ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹികപ്രവർത്തകൻ മൊയ്തീൻകുട്ടി തെന്നല രംഗത്തുണ്ട്.

Exit mobile version