നാല് മാസത്തിന് ശേഷം വീണ്ടും യുഎഇയിൽ ആശങ്ക; 930 കൊവിഡ് രോഗികൾ കൂടി; അഞ്ച് മരണം

ദുബായ്: നാല് മാസത്തിന് ശേഷം യുഎഇയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന. 930 പേർക്കാണ് വ്യാഴാഴ്ച കൊവിഡ് റിപ്പോർട്ട് ചെയ്തത്. നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് യുഎഇ ആരോഗ്യമേഖല വക്താവ് ഫരീദ അൽ ഹൊസാനി പറഞ്ഞു. ഇതോടെ ആകെ രോഗികളുടെ എണ്ണം 76911 ലെത്തി.

അഞ്ച് പേരാണ് ഇന്ന് മരിച്ചത്. ആകെ മരണം ഇതോടെ 398 ആയി ഉയർന്നു. 586 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 67945 ആയി. പുരുഷൻമാരിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 62 ശതമാനത്തോളം രോഗികളും പുരുഷന്മാരാണ്. ഇവരിൽ 12 ശതമാനം പേർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് എത്തിയവരാണ്.

സാമൂഹിക ഒത്തുചേരലുകൾ വർധിച്ചതും രോഗം പടരാൻ ഇടയാക്കി. പുതിയ കേസുകളിൽ 88 ശതമാനവും വിവാഹം, ജോലി മറ്റ് സാമൂഹിക ഒത്തുചേരലുകളിലൂടെ പടർന്നതാണെന്നും അൽ ഹൊസാനി പറഞ്ഞു. ഒത്തുചേരലുകൾ കർശനമായി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Exit mobile version