‘സമൂഹത്തിന് വേണ്ടി’; യുഎഇയില്‍ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരായി മലയാളികള്‍, അഭിമാനം

തച്ചനാട്ടുകര: യുഎഇയില്‍ കോവിഡ് പരീക്ഷണത്തിന് വിധേയരായി കൂടുതല്‍ മലയാളികള്‍. തച്ചനാട്ടുകര സ്വദേശികളാണ് കോവിഡ് പ്രതിരോധത്തിന് യുഎഇയ്ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നത്. സുബൈദ പട്ടംതൊടി, കാജാഹുസൈന്‍,സ്വാലിഹ് ഹംസ എന്നിവരാണ് വാക്‌സിന്‍ സ്വീകരിച്ച മലയാളികള്‍.

നാട്ടൊരുമ ട്രസ്റ്റ് നാട്ടുകല്‍ യുഎഇ അംഗമായ സുബൈദ പട്ടംതൊടി അബുദാബിയില്‍ വെച്ചാണ് വാക്‌സിന്‍ സ്വീകരിച്ചത്. തച്ചനാട്ടുകര അണ്ണാന്‍തൊടി സ്വദേശിയാണ് പുത്തനങ്ങാടി കാജാഹുസൈന്‍. കോവിഡ് വാക്‌സീന്‍ പരീക്ഷണത്തിനായി ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് യുഎഇ ആഹ്വാനം ചെയ്തിരുന്നു.

ഇത് ഏറ്റെടുത്തുകൊണ്ടായിരുന്നു സുബൈദ, കാജാഹുസൈന്‍, സ്വാലിഹ് ഹംസ എന്നിവര്‍ വാക്‌സിന്‍ പരീക്ഷണത്തിന് സ്വയം തയ്യാറായി രംഗത്തെത്തിയത്. ചെര്‍പ്പുളശ്ശേരി സ്വദേശികളായ 4 യുവാക്കളും യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ പരീക്ഷണത്തില്‍ പങ്കാളികളായിരുന്നു.

ചെര്‍പ്പുളശ്ശേരി സ്വദേശികളായ ഹാഫിസ് മുഹമ്മദ്, മുസ്തഫ എലിയപ്പറ്റ, നിയാസ് ഇളയവീട്ടില്‍, ശിഹാബ് കുന്നത്ത് എന്നിവരാണ് യുഎഇയുടെ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൊളന്റിയര്‍മാര്‍ ചേര്‍ന്നുള്ള എ ഷോര്‍ട് ഫോര്‍ ഹ്യുമാനിറ്റി എന്ന ക്യാംപെയ്നിന്റെ ഭാഗമായാണു 4 പേരും വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായത്.

Exit mobile version