അബുദാബിയില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് പ്രവേശനമില്ല, പുതിയ നിയമം; വന്‍തിരിച്ചടി

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് വിമാനമിറങ്ങാന്‍ സാധിക്കില്ല. വിമാനത്താവളം വഴി സന്ദര്‍ശക വീസക്കാര്‍ക്ക് പ്രവേശനമില്ലെന്നും താമസ വീസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിപ്പ് പുറത്തിറക്കി.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ നിയമം നിലവില്‍ വന്നതോടെ തമിഴ്‌നാട്ടിലെ തൃച്ചിയില്‍ നിന്ന് സന്ദര്‍ശക വീസയില്‍ അബുദാബിയിലേയ്ക്ക് വരാന്‍ തുനിഞ്ഞ വിദ്യാര്‍ഥിയടക്കം ഒട്ടേറെ പേരെ വിമാനത്തില്‍ നിന്ന് അവസാന നിമിഷം തിരിച്ചയച്ചു.

കഴിഞ്ഞദിവസം രാത്രി 1.30നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ് അവസാന നിമിഷം നിരാശപ്പെടേണ്ടി വന്നത്. യുഎഇയിലുള്ള മാതാപിതാക്കളുടെ അരികിലേയ്ക്ക് വരാനായിരുന്നു തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിയായ യുവാവ് സന്ദര്‍ശക വീസ സ്വന്തമാക്കിയത്. എമിഗ്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം വിദ്യാര്‍ഥിയടക്കമുള്ള യാത്രക്കാര്‍ വിമാനത്തിനകത്ത് പ്രവേശിച്ചിരുന്നു.

ഒടുവില്‍ പറന്നുയരാന്‍ സമയമായപ്പോഴേയ്ക്കും അബുദാബിയില്‍ നിന്നെടുത്ത സന്ദര്‍ശക വീസക്കാര്‍ക്ക് അബുദാബിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് വിമാന അധികൃതര്‍ അറിയിക്കുകയായിരുന്നു.

Exit mobile version