യുഎൻ അംഗീകരിച്ച ഏതെങ്കിലും വാക്‌സിൻ സ്വീകരിച്ച ടൂറിസ്റ്റ് വിസക്കാർക്ക് യുഎഇയിലേക്ക് നേരിട്ട് പ്രവേശനം; തിങ്കളാഴ്ച മുതൽ പ്രവേശിക്കാം

അബുദാബി: തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ)യും ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനുകളിൽ ഏതെങ്കിലും ഒരു വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക.

യാത്രക്കാർ യുഎഇ നിർദേശിക്കുന്ന മറ്റ് നിബന്ധനകൾ അനുസരിച്ചിരിക്കണം. യാത്രക്കാർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം. യാത്ര ചെയ്യുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ രീതിയിൽ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കും. മോഡേണ, ഫൈസർബയോടെക്, ജോൺസൺ ആൻഡ് ജോൺസൺ, ഓക്‌സ്‌ഫോർഡ്/ആസ്ട്ര സെനേക, കോവിഡ്ഷീൽഡ് (ഓക്‌സ്‌ഫോർഡ്/ആസ്ട്രസെനേക ഫോർമുലേഷൻ), സിനോഫാം, സിനോവാക് കൊറോണ വാക്‌സിൻ എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനുകൾ. ആസ്ട്രസെനകയായ കോവിഷീൽഡാണ് ഇന്ത്യയിൽ നിലവിൽ ലഭ്യമായിട്ടുള്ളത്.

Exit mobile version